gnn24x7

എക്കാലത്തേയും മികച്ച ഇന്ത്യന്‍ വനിതാ പേസര്‍ വിരമിക്കുന്നു

0
316
gnn24x7

മുംബൈ: എക്കാലത്തേയും മികച്ച ഇന്ത്യന്‍ വനിതാ പേസര്‍ എന്ന വിശേഷണമുള്ള ജൂലന്‍ ഗോസ്വാമി വിരമിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ വിഖ്യാതമായ ലോര്‍ഡ്‌സിന്‍റെ മുറ്റത്താകും 39കാരിയായ താരത്തിന്‍റെ വിരമിക്കല്‍ എന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. 

രണ്ട് പതിറ്റാണ്ട് നീണ്ട ഐതിഹാസിക കരിയറിനാണ് ജൂലന്‍ ഗോസ്വാമി തിരശ്ശീലയിടുന്നത്. ഈ വര്‍ഷാദ്യം നടന്ന ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ ജൂലനെ ഇന്നലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുവിളിക്കുകയായിരുന്നു. സെപ്റ്റംബറില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തേയും ഏകദിനമാകും ജൂലന്‍ ഗോസ്വാമിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരം. അടുത്തിടെ ഇന്ത്യയുടെ ലങ്കന്‍ പര്യടനം പരിക്കുമൂലം ജൂലന് നഷ്‌ടമായിരുന്നു. 

2002 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ 19-ാം വയസിലായിരുന്നു ജൂലന്‍ ഗോസ്വാമിയുടെ രാജ്യാന്തര അരങ്ങേറ്റം. രണ്ട് പതിറ്റാണ്ട് നീണ്ട വിസ്‌മയ കരിയറില്‍ ഇന്ത്യന്‍ വനിതാ ടീമിനായി 12 ടെസ്റ്റും 201 ഏകദിനങ്ങളും 68 ടി20കളും കളിച്ചു. 362 വിക്കറ്റുകളുമായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വനിതാ ബൗളറാണ് ജൂലന്‍ ഗോസ്വാമി. ഇതില്‍ 252 വിക്കറ്റുകളും ഏകദിന ഫോര്‍മാറ്റിലായിരുന്നു. 2018 ഓഗസ്റ്റില്‍ രാജ്യാന്തര ടി20യില്‍ നിന്ന് ജൂലന്‍ ഗോസ്വാമി പടിയിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here