gnn24x7

അവധിക്കാലത്ത് പ്രവാസി യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ: ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി

0
206
gnn24x7

സ്കൂളുകളിൽ മധ്യവേനൽ അവധി തുടങ്ങാൻ ഇനി മൂന്നര മാസമുണ്ടെങ്കിലും അവധിക്കു നാട്ടിൽ പോകാൻ പ്ലാനിടുന്നവർ വിമാന ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തില്ലെങ്കിൽ പോക്കറ്റ് മുഴുവൻ കാലിയാകും. സ്കൂൾ അവധിയിൽ പ്രവാസികളുടെ കീശ ചോർത്താൻ തയാറെടുത്തു വിമാന കമ്പനികൾ ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി കഴിഞ്ഞു.

ജൂൺ പതിനഞ്ചോടെ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് അവധി തുടങ്ങും. രണ്ടു മാസത്തെ അവധിക്ക് ശേഷം ഓഗസ്റ്റ് 27 മുതലാണ് കുട്ടികൾക്ക് പഠനം പുനരാരംഭിക്കുന്നത്. അധ്യാപകർ പക്ഷേ ഒരാഴ്ച മുൻപേ തിരികെ ജോലിയിൽ പ്രവേശിക്കണം. നാട്ടിലേക്ക് അവധിക്ക് പോകാൻ മിക്ക കുടുംബങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങി. ജൂൺ എത്തുമ്പോഴേക്കും നിരക്ക് വീണ്ടും റോക്കറ്റ് കണക്കെ കുതിക്കുമെന്നതിനാൽ ടിക്കറ്റ് ഇപ്പോഴേ ബുക്ക് ചെയ്താൽ അൽപം ആശ്വസിക്കാം.

കേരളത്തിലേക്കു നിലവിൽ ഖത്തർ എയർവേയ്സും ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും മാത്രമാണ് സർവീസ് നടത്തുന്നത്. ഖത്തർ എയർവേയ്സിൽ എല്ലായ്പ്പോഴും നിരക്ക് കൂടുതൽ ആയതിനാൽ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ ആശയം ബജറ്റ് എയർലൈനുകൾ തന്നെ.ബജറ്റ് എയർലൈനുകളിലും നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ 2 മുതൽ മൂന്നര ലക്ഷം രൂപക്കടുത്ത് ടിക്കറ്റ് നിരക്ക് തന്നെ വരും. കേരളത്തിൽ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ 4 നഗരങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ മുംബൈ,ഡൽഹി എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിരക്ക് കുറവ്.

ബജറ്റ് എയർലൈനുകളുടെ വെബ്സൈറ്റിലെ നിലവിലെ നിരക്ക് പ്രകാരം ദോഹയിൽ നിന്ന് കൊച്ചി,കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ഇപ്പോൾ തന്നെ ഉയർന്ന നിരക്കാണ്. ഉദാഹരണത്തിന് ജൂൺ 25ന് പോയി തിരികെ ഓഗസ്റ്റ് 18ന് മടങ്ങിയെത്താൻ ഇക്കോണമി ക്ലാസിൽ ഒരാൾക്ക് ഏകദേശം 2,660-3,000 റിയാലാണ് നിരക്ക്.ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് ഏതാണ്ട് 60,195 67,890 ഇന്ത്യൻ രൂപ വരും. അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന നാലംഗ 2 കുടുംബങ്ങൾക്ക് നാട്ടിൽ പോയി വരാൻ ഏകദേശം 3 ലക്ഷം രൂപക്കടുത്ത് ടിക്കറ്റ് ഇനത്തിൽ മാത്രം ചെലവാകും.

അതേസമയം ഇതേ ദിവസങ്ങളിൽ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് കണക്ഷൻവിമാനങ്ങളിൽ പോയി വരാൻ ഒരാൾക്ക്3,100 -4,100 റിയാൽ നിരക്ക് വരും. അതായത് ഏകദേശം 70,153-92,785 ഇന്ത്യൻ രൂപ. നാലംഗകുടുംബത്തിനാണെങ്കിൽ ഏകദേശം 4 ലക്ഷത്തിനടുത്ത് ടിക്കറ്റ് തുക നൽകേണ്ടി വരും. നിലവിലെ നിരക്കനുസരിച്ച് കണ്ണൂരിലേക്ക് മാത്രമാണ് അൽപം കുറവ്. നേരിട്ടുള്ള വിമാനങ്ങൾ കുറവായതിനാൽ ഷാർജ, അബുദാബി വഴി കണക്ഷൻ വിമാനങ്ങളിലാണ് ഭൂരിഭാഗം പേരുടെയും നാട്ടിലേക്കുള്ള യാത്ര. അവധിക്കാലത്തേക്കുള്ള നിലവിലെ ടിക്കറ്റ് നിരക്കുകൾ അവധി അടുക്കുന്തോറും വീണ്ടും ഉയരും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here