gnn24x7

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം; ജിദ്ദ വിമാനം കരിപ്പൂരിലിറങ്ങില്ല

0
195
gnn24x7

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.

സൗദി എയര്‍ലൈന്‍സിന് സര്‍വീസ് താത്കാലികമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.സി.എ. വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ വരാതാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് ഖത്തര്‍ എയര്‍വേസിന്റെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് സര്‍വീസിന് അനുമതി നല്‍കിയത്. ഇവര്‍ ഒരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു.

എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്.

കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനപകടത്തില്‍ പൈലറ്റ് അടക്കം 19 പേരാണ് മരിച്ചത്. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here