gnn24x7

പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ പുതുക്കാതെ സൗദി അറേബ്യ

0
145
gnn24x7

ഇസ്‌ലാമബാദ്: പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ പുതുക്കാതെ സൗദി അറേബ്യ. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു.എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല.

ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും പാകിസ്താനിലെത്തിക്കാനുള്ള കരറാണിത്. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.

മൂന്ന് ബില്യണ്‍ ഡോളറിന്റെ ക്യാഷ് സപ്പോര്‍ട്ടും പ്രതിവര്‍ഷം 3.2 ബില്യണ്‍ ഡോളര്‍ എണ്ണ സൗകര്യവും രണ്ട് വര്‍ഷത്തേക്ക് പുതുക്കാനുള്ള വ്യവസ്ഥ കരാറിലുണ്ട്.

തിരിച്ചടവിന്റെ നാലു മാസം മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ പാകിസ്താന്‍ സൗദിക്ക് നല്‍കിയിട്ടുണ്ടെന്ന് പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യണിന്റെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വര്‍ഷം മെയ് മുതല്‍ സൗദി അറേബ്യ കരാര്‍ എണ്ണ നല്‍കിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് സൗദിയില്‍ നിന്നുള്ള പ്രതികരണം കാത്തിരിക്കുകയാണെന്ന് പാക് എണ്ണ മന്ത്രാലയ വക്താവ് പറഞ്ഞു.

സൗദി ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അടുത്തിടെ കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസിനുമേല്‍ ( ഒ.ഐ.സി) പാകിസ്താന്‍ ചെലുത്തിയ സമ്മര്‍ദ്ദം സൗദിക്ക് രസിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്ദൂദ് ഖുറേഷി പറഞ്ഞിരുന്നു.

കശ്മീര്‍ വിഷയത്തില്‍ യോഗം ചേരണമെന്ന് പാകിസ്താന്റെ പലകുറിയുള്ള ആവശ്യം ഒ.ഐ.സി നേരത്തെ തള്ളിയിരുന്നു.

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനുമായുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വളരുന്ന സൗഹൃദവും സൗദിയില്‍ നിന്നും പാകിസ്താന് പിന്തുണ കുറയുന്നതില്‍ ഒരു പ്രധാന കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here