gnn24x7

പ്രവാസികള്‍ക്ക് ആശ്വാസം; ഗള്‍ഫില്‍നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പദ്ധതി തയ്യാറായി; ആദ്യ വിമാനം കേരളത്തിലേക്കെന്ന് സൂചന

0
190
gnn24x7

ദുബായ്: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം. മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.

യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്. കപ്പല്‍ വഴിയും ആളുകളെ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നാണ് വിവരം.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്. രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗള്‍ഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക.

കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് കുവൈറ്റ് ഭരണകൂടത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ചോദിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ വിമാനസര്‍വീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് സൂചന. അടുത്ത ആഴ്ചയോടെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here