gnn24x7

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു

0
182
gnn24x7

ന്യൂദല്‍ഹി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

‘ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാന്‍ ഇന്ത്യന്‍ അന്വേഷണവുമായി സഹകരിക്കും.’

കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തെന്നാണ് മനസിലാക്കുന്നതെന്നും നേരത്തെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു.

‘ഈ വിഷയത്തില്‍ എന്തൊക്കെയാണ് നടന്നതെങ്കിലും അത് പുറത്തുവരണം. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. സമഗ്ര അന്വേഷണം തന്നെ നടത്താന്‍ ആവശ്യപ്പെടുകയാണ്.’

കൂടുതല്‍ കാര്യങ്ങള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ യു.എ.ഇയെ കൂടി വിശ്വാസത്തിലെടുത്ത് ഇന്ത്യ മുന്നോട്ടുപോകുമെന്ന സൂചനയാണ് കേന്ദ്രം നല്‍കിയത്.

യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലാണ് സ്വര്‍ണം വന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം ശേഖരിക്കേണ്ടതായി വരുമെന്നാണ് അറിയുന്നത്.

കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യ-യു.എ.ഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്.

നിലവില്‍ കസ്റ്റംസില്‍ നിന്ന് ഐബിയും റോയും അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ദുബായില്‍ നിന്ന് തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങിലൂടെയും സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നത് രഹസ്യാന്വേഷണ എജന്‍സികള്‍ അന്വേഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here