gnn24x7

ആരോഗ്യ മേഖലയിൽ ലൈസൻസില്ലാതെ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി യുഎഇ

0
142
gnn24x7

ലൈസൻസില്ലാതെ ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികളുമായി യുഎഇ സർക്കാർ. നഴ്സിങ്, മെഡിക്കൽ ലബോറട്ടറികൾ, ഒക്യുപേഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, കോസ്മെറ്റോളജി, അനസ്തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോളജി എന്നിവയാണ് ഈ തീരുമാനം ബാധിക്കുന്ന പ്രധാന മേഖലകൾ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്ന മേഖലകളാണിത്.

സാധുവായ ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്യുന്നവർ അല്ലെങ്കിൽ ആവശ്യമായ പ്രഫഷനൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ കർശനമായ നടപടിക്ക് ഊന്നൽ നൽകുന്നതാണ് ആരോഗ്യ തൊഴിൽ ചട്ടങ്ങളിലെ ഭേദഗതികൾ. ഈ മാറ്റങ്ങൾ പ്രാക്ടീഷണർമാർ ഉയർത്തിപ്പിടിക്കേണ്ട ധാർമികതയുടെയും ഉത്തരവാദിത്തങ്ങളുടെയും അനിവാര്യത എടുത്തു കാണിക്കുന്നു.ആരോഗ്യമേഖല, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, വെറ്ററിനറി മേഖല എന്നിവയുടെ നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതുതായി അംഗീകരിച്ച ഫെഡറൽ നിയമങ്ങളുടെയും ഭേദഗതികളുടെയും ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.

വഞ്ചനാപരമായ രേഖകൾ, തെറ്റായ വിവരങ്ങൾ എന്നിവ നൽകുന്നവരും ലൈസൻസ് സുരക്ഷിതമാക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിക്കുന്നവരും കുടുങ്ങും. ലഘുലേഖകൾ, ബോർഡുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ ഉപയോഗിച്ച് ലൈസൻസുള്ളവരാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്ന ഏതൊരാളും പൊതുജനങ്ങളെ വഞ്ചിക്കുന്നതായും ഇത്തരം ലംഘനങ്ങൾക്ക് 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ലഭിക്കുമെന്നും വ്യക്തമാക്കി. കൂടാതെ, ലൈസൻസ് അസാധുവാക്കുന്നതിനും പ്രഫഷനൽ റജിസ്ട്രിയിൽ നിന്ന് നിയമലംഘകന്റെ പേര് ഇല്ലാതാക്കുന്നതിനും കുറ്റകൃത്യം നടന്ന സ്ഥാപനം അടച്ചുപൂട്ടാൻ നിർബന്ധിതമാക്കാനുമുള്ള വിവേചനാധികാരം കോടതിക്ക് ഉണ്ടായിരിക്കും.

ആരോഗ്യ തൊഴിൽ ലൈസൻസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ലൈസൻസ് ലഭിക്കുന്നതിന് മുൻപ്ലഘുലേഖകളിലൂടെയോ മറ്റേതെങ്കിലും മാധ്യമങ്ങളുപയോഗിച്ചോ പരസ്യം നൽകി പ്രചാരണം നടത്തുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് 10,000 ദിർഹം മുതൽ ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും നിയമം പറയുന്നു. അത്തരം സന്ദർഭങ്ങളിൽ നിയമലംഘനം നടന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള അവകാശവും കോടതിയിൽ നിക്ഷിപ്തമാണ്. മാത്രമല്ല, ഈ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ലൈസൻസുള്ള ആരോഗ്യ പ്രാക്ടീഷണർമാർ ഏറ്റവും പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ്ചെയ്യേണ്ടതുണ്ട്.

ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനം ഏതെങ്കിലും വ്യവസ്ഥാപിത നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ ഔദ്യോഗിക മുന്നറിയിപ്പ് നൽകാനും 1,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്താനും അല്ലെങ്കിൽ സ്ഥാപനം താൽക്കാലികമോ എന്നെന്നേക്കുമായോ അടച്ചുപൂട്ടാൻ ഉത്തരവിടാനും ആരോഗ്യ അതോറിറ്റിക്ക് അധികാരമുണ്ട്. പിഴ ചുമത്തുന്നതിന് മുൻപ് കുറ്റാരോപിതനായ കക്ഷിക്കോ അവരുടെ നിയമ പ്രതിനിധിക്കോ തങ്ങളുടെ ഭാഗ്യം വ്യക്തമാക്കാൻ അവസരം നൽകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7