gnn24x7

കോവിഡ് പ്രതിസന്ധി; നാട്ടിൽ കുടുങ്ങിയ മക്കളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങി യുഎഇയിലെ ഇരുനൂറിലേറെ അമ്മമാർ

0
232
gnn24x7

അബുദാബി: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ മക്കളെ യുഎഇയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് യുഎഇയിലെ ഇരുനൂറിലേറെ അമ്മമാരുടെ കൂട്ടായ്മ കേന്ദ്ര, സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. അമ്മമനസിന്റെ നോവറിഞ്ഞ് സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ നിയമത്തിന്റെ വഴി തേടാനാണ് ഇവരുടെ നീക്കം. 4 മാസമായി മക്കളെ പിരിഞ്ഞിരിക്കുന്ന അമ്മമാരുടെയും അമ്മയെ പിരിഞ്ഞിരിക്കുന്ന മക്കളുടെയും വേദനകൾ കാണാതെ പോകരുതെന്നാണ് ഇവരുടെ അഭ്യർഥന.

ചികിത്സ, അവധി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയവർ കോവിഡ് ലോക്ഡൗണിൽ നാട്ടിൽ കുടുങ്ങുകയായിരുന്നു. ഇവരിൽ ഒരു വയസ്സുള്ളവർ മുതൽ കോളജ് വിദ്യാർഥികൾ വരെയുണ്ട്. അമ്മമാരുടെ വിഷമം പൊതുസമൂഹത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ഈ മാസം 3ന് വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. ‘ടേക് മീ ടു മോം’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ സമ്മർദം ചെലുത്തി മക്കളെ തിരികെയെത്തിക്കുകയാണ് ലക്ഷ്യം.

മക്കളെ കാണാതെ അമ്മമാർ മാനസിക പ്രയാസത്തിലാണ്. അമ്മമാരുടെ അസാന്നിധ്യം കുരുന്നുകളിൽ ഉണ്ടാകാനിടയുള്ള ശാരീരിക, മാനസിക പ്രയാസവും വലുതാണ്.

പതിവ് വിമാന സർവീസ് എന്നു തുടങ്ങുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതുവരെ കാത്തിരിക്കാൻ ഇനിയാവില്ലെന്നും യുഎഇയിൽ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിച്ചതുപോലെ പ്രത്യേക സംവിധാനം ഒരുക്കി മക്കളെ തിരിച്ചെത്തിക്കണം എന്നാണ് ഇവരുടെ ആവശ്യം.

തിരുവനന്തപുരം സ്വദേശിയും ഐടി കമ്പനി ഉദ്യോഗസ്ഥയുമായ അശ്വതി നായർ ഒന്നര വയസ്സുള്ള മകൾ വൈഗ സച്ചിനെ കണ്ടിട്ട് 4 മാസം പിന്നിട്ടു. മകളെ തിരിച്ചെത്തിക്കാനായി മുട്ടാത്ത വാതിലുകളില്ലെന്നും പറഞ്ഞു.

യുഎഇയിലേക്കു തിരിച്ചുവരാൻ മകൾക്ക് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെങ്കിലും ഒന്നര വയസുകാരി എങ്ങനെ തനിച്ചു വരുമെന്ന് ഇവർ ചോദിക്കുന്നത്. നാട്ടിൽ പോകാനിടമില്ലാതെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികളുടെ കാര്യമോർത്ത് മാനസിക പ്രയാസത്തിലാണ് മറ്റു ചിലർ.

ഇതുപോലെ ഓരോരുത്തർക്കും പറയാനുണ്ട് കണ്ണീരിന്റെ വ്യത്യസ്തമായ കഥകളെന്ന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരായ ഡോ. നിത സലാമും പ്രിയ ഫിറോസും പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയിൽ കേസ് നൽകാനാണ് തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here