gnn24x7

ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?

0
415
gnn24x7

നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. അമിതമായി ഉറങ്ങാനുള്ള ആഗ്രഹം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

ശരീരത്തിന് ആവശ്യമായ ഉറക്കം പല പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായവും പ്രവർത്തനങ്ങളും മൊത്തത്തിലുള്ള ആരോഗ്യവും ജീവിതശൈലി ശീലങ്ങളും അനുസരിച്ചാണ് ഉറക്കം നിർണയിക്കപ്പെടുന്നത്. രാത്രിയിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന വ്യക്തികൾക്ക് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതമായ ഉറക്കം മാനസികമായും ശാരീരികമായും ഒരാളെ ദുർബലപ്പെടുത്തും.

പ്രായമനുസരിച്ച് ഉറങ്ങണം

ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോ പ്രായക്കാരും എത്രയൊക്കെ ഉറങ്ങണം എന്ന് നോക്കാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളും.

നവജാത ശിശുക്കള്‍

നവജാത ശിശുക്കളാണ് എപ്പോഴും ഉറക്കത്തിന്റെ കാര്യത്തില്‍ മുന്നില്‍ ദിവസവും 14-17 മണിക്കൂറെങ്കിലും ഇവര്‍ ഉറങ്ങണം. ഇത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

നാല് മാസത്തില്‍ കൂടുതല്‍

4 മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികള്‍ ചുരുങ്ങിയത് 12-15 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.

ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയില്‍

ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ 11-14 മണിക്കൂര്‍ വരെ ഉറങ്ങണം. കാരണം ഇവരുടെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ് ഈ പ്രായം. ഉറക്കം വളര്‍ച്ചയെ സഹായിക്കുന്നു.

3 മുതല്‍ 5 വയസ്സ് വരെ

മൂന്ന് മുതല്‍ അഞ്ച് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ 10-13 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. കുട്ടികളുടെ ബുദ്ധിവികസിക്കാന്‍ തുടങ്ങുന്ന സമയമാണ് ഇത്.

6 മുതല്‍ 13 വയസ്സ് വരെ

ആറ് മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ 9-11 മണിക്കൂര്‍ വരെയാണ് അവരുടെ ഉറക്കത്തിനായി ചിലവഴിക്കേണ്ട സമയം. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ കുട്ടികള്‍ അലസന്‍മാരും മടിയന്‍മാരുമായി തീരാനുള്ള സാധ്യത ഉണ്ടാവും.

14 മുതല്‍ 17 വയസ്സ് വരെ

14 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ അവരുടെ കൗമാരകാലഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ അളവും കുറയ്ക്കണം. 8-10 മണിക്കൂര്‍ വരെയാണ് ഇവര്‍ ഉറങ്ങേണ്ട സമയം.

18 മുതല്‍ 25 വയസ്സ് വരെ

18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവര്‍ ഉറക്കത്തിന്റെ അളവ് കുറയ്ക്കണം. ദിവസവും 7-9 മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മതി എന്നതാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.

26 മുതല്‍ 64 വരെ

24 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവര്‍ പലപ്പോഴും ജീവിതത്തിലെ എല്ലാ ശാരീരിക വളര്‍ച്ചയും എത്തിയവരായിരിക്കും. ഇവര്‍ ഉറക്കം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 7-9 മണിക്കൂര്‍ വരെ മാത്രമേ ഈ പ്രായക്കാര്‍ ഉറങ്ങാന്‍ പാടുകയുള്ളൂ.

65 വയസ്സിനു മുകളില്‍

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 7-8 മണിക്കൂര്‍ വരെ മാത്രമേ ഉറക്കത്തിനായി ചിലവഴിയ്ക്കാന്‍ പാടുകയുള്ളൂ. കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും

നടുവേദന: എത്ര സുഖകരമായി തോന്നിയാലും, സ്ഥിരമായി അധികസമയം ഉറങ്ങുന്ന ആളാണെങ്കിൽ ക്രമേണ നടുവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം നിലവാരമുള്ള മെത്തയിൽ ദീർഘനേരം കിടക്കുന്നത് നിങ്ങളുടെ പേശികളെ ക്ഷീണിപ്പിക്കും. കൂടാതെ ഉറക്കം കൃത്യമായില്ലെങ്കിൽ ഇത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

വിഷാദം: ഉറക്കമില്ലായ്മ അമിതമായി ഉറങ്ങുന്നതിനേക്കാൾ വിഷാദവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. വിഷാദരോഗമുള്ള ആളുകളിൽ ഏകദേശം 15 ശതമാനം ആളുകൾ അമിതമായി ഉറങ്ങുന്നു. ഇത് അവരുടെ വിഷാദ രോ​ഗാവസ്ഥ വർധിപ്പിച്ചേക്കാമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

പ്രമേഹം: അധിക സമയം ഉറങ്ങുന്നവർ പകൽ സമയത്ത് ക്ഷീണിതരും ഊർജ്ജം കുറവുമായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. ആരോഗ്യകരമായ ഉറക്കം ശീലമാക്കേണ്ടത് അത്യാവശ്യമാണ്.

തലവേദന: അമിതമായ ഉറക്കം മൂലം തലവേദന ഉണ്ടാകാം. കാരണം അമിതമായ ഉറക്കം സെറോടോണിന്റെ അളവ് കുറയ്ക്കും. സെറോടോണിൻ മാനസികാവസ്ഥയെയും ഉറക്കത്തെയും നിയന്ത്രിക്കുന്നതാണ്. സെറോടോണിന്റെ അളവ് സന്തുലിതമല്ലെങ്കിൽ തലവേദനയോ മൈഗ്രേനോ ഉണ്ടാകാം.

ക്ഷീണം: അമിതമായി ഉറങ്ങുന്നത് ശരീരത്തെ ക്ഷീണിപ്പിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. രാത്രിയിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഉണരാൻ ബുദ്ധിമുട്ടുള്ളതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ അധിക സമയം ഉറങ്ങുന്നവർ പകൽ സമയത്ത് ക്ഷീണിതരും അലസതയുമുള്ളവരായെന്നും പഠനത്തിൽ തെളിഞ്ഞു.

അമിതവണ്ണം: ഏഴ്-എട്ട് മണിക്കൂറുകള്‍ ഉറങ്ങുന്നവരേക്കാള്‍ 9-10 മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത 21 ശതമാനം അധികമാണെന്ന് ഗവേഷണറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here