ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി. ഉയർന്ന ഇന്ധനവിലയുടെ പ്രത്യാഘാതം സാധാരണയായി ഒമ്പത് മാസത്തിന് ശേഷമാണ് ഭക്ഷ്യവിലയിൽ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ESRI പുറത്തിറക്കിയ പുതിയ Quarterly Economic Commentary പ്രകാരം, ശരത്കാലത്തും ശൈത്യകാലത്തും ഉപഭോക്താക്കൾക്ക് കൂടുതൽ ഉയർന്ന പലചരക്ക് ബില്ലുകൾ നേരിടേണ്ടി വരും.
കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള കുടുംബങ്ങൾക്ക് ആവശ്യമായാൽ സർക്കാർ താൽക്കാലികവും ലക്ഷ്യബോധമുള്ളതുമായ സഹായങ്ങൾ നൽകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അതേസമയം, 2026-ലെ പണപ്പെരുപ്പ നിരക്ക് 3.7 ശതമാനമായും 2027-ൽ 3.1 ശതമാനമായും ഉയരുമെന്നാണ് ESRIയുടെ പുതിയ പ്രവചനം.
ഭവനനിർമാണ മേഖലയിലെ നിക്ഷേപ വർധനയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക നിക്ഷേപങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്താകുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2026-ലെ സാമ്പത്തിക വളർച്ചാ നിരക്ക് (Modified Domestic Demand) 2.6 ശതമാനമാക്കി ഉയർത്തി. എന്നാൽ മിഡിൽ ഈസ്റ്റ് സംഘർഷം, ഉയർന്ന ഇന്ധനവില, അന്താരാഷ്ട്ര അനിശ്ചിതത്വം എന്നിവ രാജ്യത്തെ ഉപഭോക്തൃവിലയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് തയ്യാറാക്കിയ പ്രൊഫസർ കോണർ ഒ’ടൂൾ പറഞ്ഞു.
സമീപകാല ഇന്ധനവില വർധനക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ഇന്ധനസഹായ പദ്ധതിയെ ESRI വിമർശിച്ചു. പദ്ധതി വേണ്ടത്ര ലക്ഷ്യബോധമുള്ളതായിരുന്നില്ലെന്നും പൊതുധന ലഭ്യതയും രാഷ്ട്രീയ സമ്മർദവും ചേർന്നതോടെ ഫലപ്രദമല്ലാത്ത തീരുമാനങ്ങളാണ് ഉണ്ടായതെന്നും റിപ്പോർട്ട് പറയുന്നു. വരാനിരിക്കുന്ന പൊതുമേഖലാ ശമ്പളചർച്ചകളിലും സമാന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പൊതുസാമ്പത്തിക സ്ഥിതിഗതികൾ കണക്കിലെടുത്തായിരിക്കണം തീരുമാനങ്ങളെന്നും പ്രൊഫസർ അലൻ ബാരറ്റ് അഭിപ്രായപ്പെട്ടു.
2026-ൽ 38,500 വീടുകളും 2027-ൽ 40,500 വീടുകളും പൂർത്തിയാകുമെന്നാണ് ESRIയുടെ പുതിയ കണക്ക്. എന്നാൽ പുതിയ പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിലെ മന്ദഗതി ഭവനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ ബാധിക്കുമെന്നും, നിലവിലെ ഭവനക്ഷാമം ഇനിയും വർധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
തൊഴിലില്ലായ്മ കുറഞ്ഞ നിലയിൽ തുടരുമെന്നാണ് ESRIയുടെ വിലയിരുത്തൽ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ചില തൊഴിൽ മേഖലകൾക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നും പുതിയ തൊഴിൽ അവസരങ്ങളും ഒരേസമയം രൂപപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. AIയുടെ തൊഴിൽ വിപണിയിലെ സ്വാധീനം ഇപ്പോഴും പഠനഘട്ടത്തിലാണെങ്കിലും ചില ജോലികൾ ഇല്ലാതാകുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് പ്രൊഫസർ ഒ’ടൂൾ വ്യക്തമാക്കി.
ജൂലൈ അവസാനത്തോടെ നിലവിലുള്ള ഇന്ധന എക്സൈസ് നികുതി ഇളവുകൾ അവസാനിക്കുമ്പോൾ “പെട്ടെന്നൊരു വിലക്കയറ്റമുണ്ടാകില്ല”െന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് അറിയിച്ചു. ഇളവുകൾ തുടരണോ എന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഡീസൽ വില ഓഗസ്റ്റ് ഒന്നിന് 32 സെന്റ് വരെ ഉയരുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സിൻ ഫെയിൻ ധനകാര്യ വക്താവ് പിയേഴ്സ് ഡോഹർട്ടി സർക്കാരിനെ വിമർശിച്ചു.
ഇന്ധനവില ഉയർന്ന സാഹചര്യത്തിൽ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി ആരോപിച്ചു. എന്നാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇന്ധനസഹായ പദ്ധതികളിലൊന്നാണ് സർക്കാർ നടപ്പാക്കിയതെന്ന് സൈമൺ ഹാരിസ് മറുപടി നൽകി. അതേസമയം, അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലെ VAT ഇളവ് തൊഴിൽ സംരക്ഷണത്തിനാണ് ലക്ഷ്യമിടുന്നതെന്നും കാപ്പിയുടെ വില കുറയ്ക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി.




































