gnn24x7

കേരള ഹൗസ് കാര്‍ണിവല്‍ നാളെ

0
480
gnn24x7

ഡബ്ലിന്‍ : കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമമായ, കേരള ഹൗസ് കാര്‍ണിവല്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ പതിവ് വേദിയായ ലൂക്കനിലെ യൂത്ത് സെന്ററില്‍ നടത്തപ്പെടുന്നു.

വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാര്‍ണിവല്‍ വേദിയില്‍ ഒരുക്കി കഴിഞ്ഞു. കലാസാംസ്‌കാരിക പരിപാടികള്‍ക്കും, സമ്മേളനത്തിനുമായി 24 x 16 x 4 വിസ്തീര്‍ണ്ണത്തിലുള്ള വലിയ സ്റ്റേജാണ് സജ്ജമാക്കിയിട്ടുള്ളത്. ഫിസ്ബറോ പ്രവാസി മലയാളി കൂട്ടായ്മയുടെ സംരംഭമായ ഫിബ്‌സ്ബറോ പീടിക എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ അര വ്യാഴവട്ടക്കാലമായി ഈ മലയാളി കൂട്ടായ്മയുടെ സന്നദ്ധപ്രവര്‍ത്തങ്ങളുടെ ഫലങ്ങള്‍ അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണമായി മാറ്റിവച്ചിരിക്കുകയാണ്. ഇതേ മാതൃകയില്‍ മറ്റു നിരവധി സന്നദ്ധ സംഘടനകളും കേരളാ ഹൗസ് കാര്‍ണിവല്‍ മേളയിലെത്തും.

രാവിലെ മുതല്‍ ആരംഭിക്കുന്ന കലാ സാംസ്‌കാരിക മത്സരങ്ങള്‍ക്ക് ശേഷം കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ പതാക ഉയര്‍ത്തുന്നതിന് പിന്നാലെ ചേരുന്ന പൊതുയോഗത്തില്‍ കേരളാ ഹൗസ് കോ ഓർഡിനേറ്റർ ഉദയ് നൂറനാട് അധ്യക്ഷത വഹിക്കും. കഴിഞ്ഞ കാര്‍ണിവലിന് ശേഷം ഐറിഷ് മലയാളി സമൂഹത്തില്‍ സവിശേഷ നേട്ടങ്ങള്‍ കൈവരിച്ച എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാല്‍ബിന്‍ ജോസഫ്, യൂറോപ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയി മിഷേല്‍ ഷോച്ചന്‍, ഏലിയാമ്മ ചാക്കോ, കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ വിപുലമായ ഭവന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ പ്രതിനിധി ഷിനു ജോസഫ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം വി നരസിംഹറാവു എന്നിവരെ ചടങ്ങിൽ ആദരിക്കും.

സമ്മേളനത്തിന് ശേഷം ഇരുനൂറ്റിയമ്പതോളം വനിതകള്‍ പങ്കെടുക്കുന്ന ‘മെഗാ തിരുവാതിര’ അവതരിപ്പിക്കപ്പെടും. അയര്‍ലണ്ടിലെ വിവിധ നൃത്തവിദ്യാലയങ്ങളും, നൃത്ത സംഘങ്ങളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും മേളയ്ക്ക് അരങ്ങേകും. ഡബ്ലിന്‍ മലയാളികളുടെ താളപ്പെരുമയായ ഡ്യൂ ഡ്രോപ്‌സിന്റെ ചെണ്ടമേളവും കാര്‍ണിവല്‍ വേളയെ ആഘോഷമാക്കും.

2 മണിയ്ക്ക് ആവേശോജ്വലമായ ആള്‍ അയര്‍ലണ്ട് വടം വലി മത്സരത്തിന് തുടക്കമാവും. പെനാലിറ്റി ഷൂട്ട് ഔട്ട് മത്സരം ഉള്‍പ്പെടെ നിരവധി മത്സരങ്ങളും ഇതേ തുടര്‍ന്ന് നടത്തപ്പെടും. മൂന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന അയര്‍ലണ്ടിലെ കലാ സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയ്ക്ക് പിന്നാലെ ഐറിഷ് മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സംഗീത ബാന്‍ഡായ ‘കുടില്‍’ അവതരിപ്പിക്കുന്ന കണ്‍സേര്‍ട്ട് ഒരുക്കിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും, പൊതുജന അഭിപ്രായവും മാനിച്ച്, ഇത്തവണയും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരവും ഫുട്‌ബോള്‍ മത്സരവും നേരത്തെതന്നെ നടത്തുകയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ കാര്‍ണിവല്‍ വേളയില്‍ നടത്തപ്പെടും.

വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങള്‍ കാര്‍ണിവല്‍ വേദികള്‍ക്ക് തൊട്ടടുത്തായി ഒരുക്കിയിട്ടുണ്ട്. ഇത്തവണയും ഓരോ മലയാളിയും കേരള ഹൗസ് കാര്‍ണിവല്‍ ഏറ്റെടുക്കും എന്ന ശുഭ പ്രതീക്ഷയോടെ കേരള ഹൗസ് ഏവരെയും കാര്‍ണിവലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ട് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here