gnn24x7

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി ജൂസപ്പേ കോൻതെ

0
305
gnn24x7

ഇറ്റലി: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ്‌ മൂന്നിന് അവസാനിക്കാനിരിക്കെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ജൂസപ്പേ കോൻതെ പുറത്തിറക്കി. ‘വൈറസിനൊപ്പം ജീവിക്കുന്നു’ എന്ന ശീർഷകത്തിൽ നടപ്പാക്കുന്ന രണ്ടാംഘട്ടം മേയ് നാലു മുതൽ ആരംഭിക്കും. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ സാമൂഹിക അകലം പാലിക്കുക എന്നതിനാണ് രണ്ടാം ഘട്ടത്തിൽ ഏറ്റവും പ്രാധാന്യം നൽകുക.

കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ഇപ്പോഴും ശുഭകരന്നെന്ന് പറയാനാകാത്തതിനാൽ സ്കൂളുകൾ സെപ്റ്റംബറിൽ മാത്രമേ വീണ്ടും തുറക്കൂ. മേയ് നാലുമുതൽ ജനങ്ങൾക്ക് അവർ താമസിക്കുന്ന റീജിയൻ പരിധിക്കുള്ളിൽ സഞ്ചരിക്കാൻ അനുവാദമുണ്ടാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് പുറത്തുള്ള വ്യായാമത്തിനും ബന്ധുക്കളെ സന്ദർശിക്കുന്നതിനും അനുവദിക്കും. ജോലി സംബന്ധമായ ആവശ്യങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിലുമൊഴികെ സ്വന്തം റീജിയനു വെളിയിലേയ്ക്കുള്ള യാത്രകൾക്ക് നിലവിലുള്ള നിരോധനം തുടരും. സ്വകാര്യ-പൊതു ഒത്തുചേരലുകൾ കർശനമായി നിരോധിക്കും. പാർക്കുകൾ, പൂന്തോട്ടങ്ങൾ, വില്ലകൾ എന്നിവ മേയ് നാലു മുതൽ തുറക്കാൻ അനുവദിക്കുമെങ്കിലും ആവശ്യമെങ്കിൽ അടച്ചുപൂട്ടാൻ മേയർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

ജോഗിങ്ങിന് പോകുന്നവർ രണ്ടു മീറ്ററും കാൽനടയാത്രക്കാർ ഒരു മീറ്ററും സാമൂഹിക അകലം പാലിക്കണം. ബസുകളിലും ട്രെയിനുകളിലും തിരക്കേറിയ സമയങ്ങളിൽ നിയന്ത്രിത എണ്ണം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഫാക്ടറികൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ, കയറ്റുമതിയുമായി ബന്ധപ്പെട്ട ഉൽപ്പാദന- മൊത്തവ്യാപാരശാലകൾ എന്നിവ മേയ് നാലു മുതൽ നിയന്ത്രണങ്ങൾക്കു വിധേയമായി തുറന്നു പ്രവർത്തിപ്പിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ മേയ് 18ന് തുറക്കും.

റസ്റ്ററന്റുകളും ബാറുകളും ടേക്ക് എവേ സേവനത്തോടെ മേയ് നാലിന് തുറന്നു പ്രവർത്തിപ്പിക്കാമെങ്കിലും ഇവിടങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിരോധനമുണ്ട്. നിയന്ത്രണങ്ങളില്ലാതെ ജൂൺ ഒന്നുമുതൽ ഇവയ്ക്ക് പ്രവർത്തിച്ചുതുടങ്ങാം. ബാർബർ ഷോപ്പുകൾ ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയും ജൂൺ ഒന്നിന് തുറക്കും.

ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെയുള്ള പ്രഫഷണൽ അത്‌ലറ്റുകൾക്ക് മേയ് നാലു മുതൽ വ്യക്തിഗത പരിശീലനം പുനഃരാരംഭിക്കാം. ഗ്രൂപ്പ് പരിശീലനത്തിന് മേയ് 18 വരെ കാത്തിരിക്കണം. ശവസംസ്കാര ചടങ്ങുകൾക്ക് മേയ് നാലു മുതൽ സാമൂഹിക അകലം പാലിച്ച് പരമാവധി 15 പേർക്ക് പങ്കെടുക്കാം. ഇവർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതുണ്ട്. രാജ്യം നേരിട്ട ഏറ്റവും ദുഃഖകരമായ സാഹചര്യത്തിൽ പൗരന്മാർ പ്രകടിപ്പിച്ച ത്യാഗസന്നദ്ധതയ്ക്കും ധൈര്യത്തിനും ഉത്തരവദിത്തബോധത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here