gnn24x7

ലൈന്‍ റഫറിയുടെ കഴുത്തില്‍ പന്തടിച്ചു; നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി

0
217
gnn24x7

ന്യൂയോര്‍ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി. മത്സരത്തിനിടെ ജോക്കോവിച്ച് അടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് ജോക്കാവിച്ച് യു.എസ്. ഓപ്പണില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത്.

ജോക്കോവിച്ചും സ്‌പെയ്‌നിന്റെ പാബ്ലോ കാരനോ ബുസ്റ്റയുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് പുരോഗമിക്കെ ആയിരുന്നു സംഭവം. പോയിന്റ് നിലയില്‍ പുറകില്‍ നില്‍ക്കുകയായിരുന്നു ജോക്കോവിച്ച്. ഇതിനിടിയിലാണ്  കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടിയത്.

വേദന കൊണ്ട് പുളഞ്ഞ വനിതാ റഫറി കോര്‍ട്ടിനടുത്ത് ഇരുന്നുപോകുകയും നിലവിളിക്കുന്നതും മത്സരത്തിന്റെ വീഡിയോയില്‍ കാണാം. പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ആശ്വസിപ്പിക്കുന്നതും കാണാം.

പിന്നീട് റഫറിമാരും ഗ്രാന്‍സ് ലാം കോഡിനേറ്ററും സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്ന് അല്പ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു. താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി.

ഗ്രാന്‍സ്‌ലാം നിയമപ്രകാരം കോര്‍ട്ടില്‍വെച്ച് എതിര്‍ക്കളിക്കാരനോ റഫറിക്കോ കാഴ്ചക്കാരനോ ആര്‍ക്കെതിരെ പന്തടിച്ചാലും അയോഗ്യനാക്കപ്പെടും. ജോക്കോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പാബ്ലോ കാരനോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിച്ചു. നിലവില്‍ 20ാം സീഡും 2017 സെമി ഫൈനലിസ്റ്റുമാണ് ബുസ്റ്റ.

മൂന്ന് തവണ യു.എസ് ഓപ്പണ്‍ നേടിയ ജോക്കോവിച്ച് തന്റെ പതിനേഴാം ഗ്രാന്‍സ്‌ലാം കിരീടം മോഹിച്ചായിരുന്നു എത്തിയത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ‘അവര്‍ക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ ഖേദം രേഖപ്പെടുത്തുന്നു. മനപ്പൂര്‍വ്വമല്ലായിരുന്നു. പക്ഷെ തെറ്റായിപ്പോയി. സംഭവത്തില്‍ ഞാന്‍ ഏറെ ദുഖിതനാണ്.’ ജോക്കോവിച്ചിന്റെ കുറിപ്പില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here