gnn24x7

നടി ശരണ്യ ശശി അന്തരിച്ചു

0
889
gnn24x7

തിരുവനന്തപുരം: നടി ശരണ്യ ശശി (35) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ ശരണ്യ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുകയായിരുന്നു.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലില്‍ സജീവമായതോടെ തിരുവനന്തപുരത്തേക്കു താമസം മാറ്റുകയായിരുന്നു. അമ്മയും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ദുരിതകാലത്ത് സീരിയല്‍ കലാകാരന്‍മാരുടെ സംഘടനായ ആത്മയും സുഹൃത്തുക്കളും കൂടെനിന്നു.

നടി സീമ ജി. നായരാണ് ശരണ്യയുടെ ചികില്‍സയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പണ്ടായിരുന്നത്. ചെമ്പഴന്തി അണിയൂരിലെ ‘സ്‌നേഹസീമ’ എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ച സീമ ജി.നാരോടുള്ള സ്‌നേഹ വായ്പിന്റെ പേരിലാണ് വീടിനു സ്‌നേഹസീമയെന്നു പേരിട്ടത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടോ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here