gnn24x7

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീംകോടതി

0
140
gnn24x7

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല്സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.എന്നാൽ, പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്ന് സർക്കാർ അറിയിച്ചു.

താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച് ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തിൽ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി. 32 സാക്ഷികളെയും വിസ്തരിച്ച് വിചാരണ നടപടി വേഗം പൂർത്തിയാക്കാൻ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി. കേസ് മാർച്ച് 24ന് വീണ്ടും പരിഗണിക്കും. ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകുയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൽ രോഹ്തഗി വാദിച്ചപ്പോൾ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഹാജരായ അഡ്വ. ബസന്ത് ഇത് ചോദ്യം ചെയ്തു.

അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയ അതിക്രൂരമായ സംഭവമാണിതെന്ന് ബസന്ത് ബോധിപ്പിച്ചു. എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ തീർക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനാൽ നേരത്തെ വിചാരണ തീർക്കണമെന്ന ന്യായം പറഞ്ഞ് ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി കൽപിക്കേണ്ട. ഏതൊക്കെ സാക്ഷികൾ ആവശ്യമാണെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടത്. നിയമ പ്രകാരം ആരെയൊക്കെ വിസ്തരിക്കണമെന്നും ആരെയൊക്കെ വിസ്തരിക്കരുതെന്നും പ്രതിക്ക് തീരുമാനിക്കാനാവില്ല. ഇക്കാര്യമാണ് ബോധിപ്പിക്കാനുള്ളതെന്ന് ബസന്ത് പറഞ്ഞു.

അക്കാര്യത്തിൽ സുപ്രീംകോടതി ഒന്നും പറയില്ലെന്ന് ജസ്റ്റിസ് മഹേശ്വരി മറുപടി നൽകി. ഏതൊക്കെ സാക്ഷികളാണ് പ്രസക്തമെന്നും ഏതൊക്കെയാണ് അപ്രസക്തമെന്നും ഹൈകോടതിക്കും സുപ്രീംകോടതിക്കും പറയാനാവില്ല. എന്തിനാണ് തങ്ങൾ അത് പറയുന്നതെന്നും ബെഞ്ച് ചോദിച്ചു.അത്രമാത്രമേ തനിക്ക് ബോധിപ്പിക്കാനുള്ളൂ എന്ന് നടിയുടെ അഭിഭാഷകനും മറുപടി നൽകി.വിചാരണ കോടതിയിൽ വരാൻ വയ്യാത്ത നിർണായക സാക്ഷി ബാലചന്ദ്രകുമാർ ദിവസവും ടി.വിയിൽ വരുന്നുണ്ടെന്ന് മുകുൽ രോഹ്തഗി സുപ്രീംകോടതിയോട് പറഞ്ഞപ്പോൾ തിരുവനന്തപുരത്തുള്ള അദ്ദേഹം വൃക്കരോഗിയാണെന്നും ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും കേരള സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ ബോധിപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ തന്റെ മുൻ ഭാര്യ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരിക്കുന്നതിനെതിരെ പ്രതിയായ നടൻ ദിലീപ്സത്യവാങ്മൂലത്തിലുംവാദമുയർത്തിയിരുന്നു. മഞ്ജു വാര്യരെ വിചാരണ കോടതിവിസ്തരിക്കാനിരിക്കേയായിരുന്നു അതിനെതിരായ നിലപാട് ദിലീപ് സ്വീകരിച്ചത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദങ്ങൾ തന്നെയാണോ എന്ന് തിരിച്ചറിയാനാണ്11-ാം സാക്ഷിയായ മഞ്ജുവാര്യരെവീണ്ടും വിസ്തരിക്കുന്നതെന്ന പ്രൊസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത ദിലീപ് ശബ്ദമറിയാൻ ഫോറൻസിക് വിദഗ്ധരുള്ളപ്പോൾ മഞ്ജുവിനെ വിസ്തരിക്കേണ്ട എന്നാണ് ബോധിപ്പിച്ചിരുന്നത്. ഇത് കൂടാതെ തന്റെ ഭാര്യ കാവ്യമാധവവന്റെ അമ്മ ശ്യാമള, അച്ഛൻ മാധവൻ എന്നിവരെ വിസ്തരിക്കുന്നതും എതിർത്ത ദിലീപ് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണിതെന്നും ആരോപിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here