gnn24x7

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം

0
217
gnn24x7

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. 

ഗവർണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടയുകയായിരുന്നു. 

ഗോബാക്ക് വിളികളുമായി ഗവർണക്കു മുന്നിൽ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി.

മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയ്ക്കു മുന്നിൽ പ്രതിപക്ഷ പ്രതിഷേധ൦ തുടരുകയാണ്. 

ഇതിനു പിന്നാലെ ഗവർണർ പ്രസംഗം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. 

പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവർണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. 

ഈ ഖണ്ഡിക സർക്കാരിന്‍റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. 

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ സഭയില്‍ വായിക്കുമെങ്കിലും പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്‍റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്തില്ല.  

വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. എന്നാല്‍, 18-ാം ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. 

ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിച്ചു. നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു തുടക്കമാകും.  

എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിൽ എംഎൽഎമാർക്കു ലഭിക്കുന്ന ആദ്യ സമ്മേളനമാണിത്. വായിച്ചു കഴിയുന്ന ഓരോ പേജും‌ മേശപ്പുറത്തെ സ്ക്രീനിൽ കാണാം. പ്രസംഗം വായിക്കാൻ ഗവർണർക്ക് 21 ഇഞ്ച് ടച്ച് മോണിറ്ററുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here