gnn24x7

സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി

0
11
gnn24x7

നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പ്രസ്താവിച്ചു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റായ  കർദ്ദിനാൾ, പിതൃഭൂമിയിൽനിന്നകന്ന് ദൂരദേശങ്ങളിൽ ജീവിച്ചാലും വിശ്വാസവും പാരമ്പര്യവും അചഞ്ചലമായി കാത്തുസൂക്ഷിക്കുന്ന സീറോ മലബാർ വിശ്വാസികളെ അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ നോക്കിലെ പ്രത്യക്ഷീകരണത്തിൻ്റെ ചരിത്രപശ്ചാത്തലവും ദൈവശാസ്ത്രപരമായ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. ഒരു വ്യക്തിയുടെ പ്രത്യക്ഷീകരണത്തേക്കാലുപരി നമ്മുടെ അമ്മയായ തിരുസഭയുടെ ത്രിതല യാതാർഥ്യങ്ങളുടെ ഐക്വത്തെപ്പറ്റിയുള്ള ഉജ്ജലമായ സാക്ഷ്യമായിരുന്നു നോക്ക് പ്രത്യക്ഷീകരണം. സകലസൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനിൽക്കുന്ന തിരുസഭയുടെ സ്വർഗ്ഗീയ ആരാധനയിലേയ്ക്ക് പ്രത്യാശയോടെ നീങ്ങാൻ ഈ നമ്മെ സഹായിക്കുന്ന ദൈവീക ആഹ്വാനമാണു ഈ വെളിപാടെന്ന്   കർദ്ദിനാൾ ഉദ്ദ്ബോദിപ്പിച്ചു.  

അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം അത്യന്തം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. വിശ്വാസികളാൽ നിറഞ്ഞുനിന്ന നോക്ക് ബസിലിക്കയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമ്മികനായിരുന്നു. യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള  അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, റീജിയണൽ കോർഡിനേറ്റർമാരായ ഫാ. ആന്റണി പരതേപ്പതിക്കൽ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരോടൊപ്പം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുപ്പതോളം വൈദികർ സഹകാർമ്മികരായി. ഫാ. ഫിലിപ്പ് പെരിനാട്ടായിരുന്നു തീർത്ഥാടനത്തിൻ്റെ കോർഡിനേറ്റർ,  സഭായോഗം സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ തീർത്ഥാടനത്തിൻ്റെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

സീറോ മലബാർ സമൂഹം ഐറിഷ് സമൂഹത്തിനും ആരോഗ്യപരിപാലന മേഖലയിലും ക്രൈസ്തവ വിശ്വാസജീവിതത്തിലും നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി, നോക്ക് അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടർ വെരി. റവ. ഫാ. റിച്ചാർഡ് ഗിബൺസ് വിശ്വാസികളെ സ്വാഗതം ചെയ്തു.

ഈ വർഷം അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്ക് കർദ്ദിനാൾ വിശുദ്ധ കുർബാന നൽകി. വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താര ബാലന്മാരും ശുശ്രൂഷയിൽ സജീവമായി പങ്കെടുത്തു.

അയർലണ്ടിലെ സീറോ മലബാർ സഭയുടെ എണ്ണൂറോളം അൾത്താരബാലന്മാർക്കായി തയ്യാർചെയ്ത പുസ്തകത്തിൻ്റെ പ്രകാശനവും,     അപ്പസ്തോലിക് വിസിറ്റേഷൻ്റെ യുവജനവർഷാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന എസ്.എം.വൈ.എം അവേക്ക് 2026 ൻ്റെ പോസ്റ്റർ പ്രകാശനവും തദ്ദവസരത്തിൽ നടന്നു. ആൾട്ടർസേർവേഴ്സ് ഡയറക്ടർ ഫാ.ബിജോ ഞാളൂർ, എസ്. എം. വൈ. എം. ഡയറക്ടർ  ഫാ. ബൈജുകണ്ണമ്പള്ളി എന്നിവർ സംബന്ധിച്ചു.  . 

വലിയ കുടുംബങ്ങളെ ആദരിക്കുന്നതിൻ്റെഭാഗമായി, ആറു മക്കളുള്ള ബെൽഫാസ്റ്റിലെ ജോബിൻ ജോസഫ് – അനു ആന്റണി ദമ്പതികളേയും, അഞ്ച് മക്കളുള്ള ഇഞ്ചിക്കോർ സ്വദേശികളായ ആനീഷ് ജെയിംസ് – ലൂതിൻ മാത്യു ദമ്പതികളേയും, ലിൻ്റോ ജോസഫ് – ലിജി ജോസ് ദമ്പതികളെയും, ദ്രോഗഡ സ്വദേശികളായ ജിൻസൺ ജോസഫ് – സ്നോബിയ മരിയ മാത്യു ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ വർഷം അയർലണ്ടിലെ ലീവിങ് സർട്ട് പരീക്ഷകളിലും നോർത്തേൺ അയർലണ്ടിലെ എ-ലെവൽ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ലീവിങ് സർട്ടിൽ ഐറിൻ തെരേസ സോണി (കിൽക്കെനി), ക്രിസ് തോമസ് (കോർക്ക്), മെൽവിൻ ദേവസ്യ സാവിയോ (താല) എന്നിവരും, എ-ലെവലിൽ സ്വീറ്റി സിന്നി (ബെൽഫാസ്റ്റ്)യും പുരസ്കാരങ്ങൾക്ക് അർഹരായി.

ദേശീയതല ബൈബിൾ ക്വിസ് വിജയികളായ ജോഷ് വർഗീസ് (ബ്രേ), ഇവ എൽസ സുമോദ് (നാസ്), ജോയൽ വർഗീസ് (ബ്രേ), ആരൻ ജോബിൻ (ലൂക്കൻ), സ്മിത ഷാന്റോ (സോർഡ്സ്) എന്നിവരും, നാഷണൽ ഗ്രാൻഡ് ഫിനാലെയിൽ വിജയികളായ സോർഡ്സ്, ഫിബ്സ്ബറോ, താലാ കുർബാന സെന്റർ ടീമുകളും കർദ്ദിനാളിൽനിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.

വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന വിശ്വാസ പ്രദക്ഷിണം തീർത്ഥാടനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ അനുഭവങ്ങളിലൊന്നായി മാറി. നൂറുകണക്കിന് മുത്തുകുടകളും പൊൻ-വെള്ളി കുരിശുകളും കൊടികളുമേന്തി ആയിരക്കണക്കിന് വിശ്വാസികൾ അയർലണ്ടിന്റെ മണ്ണിൽ മാർത്തോമാ നസ്രാണികളുടെ വിശ്വാസപാരമ്പര്യം അഭിമാനപൂർവ്വം സാക്ഷ്യപ്പെടുത്തി.

ചെറുപുഷ്പം മിഷൻ ലീഗിൻ്റെപതാകകളുമായി കുഞ്ഞു മിഷനറിമാർ, സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ യുവജനങ്ങൾ,   മരിയൻ പതാകകളുമായി മാതൃവേദി അംഗങ്ങൾ,   മുത്തുകുടകളേന്തിയ പിതൃവേദി പ്രവർത്തകർ, വിവിധ കുർബാന സെൻ്റെറുകളിൽനിന്നെത്തിയ അൾത്താര ശുശ്രൂഷകർ, ആദ്യകുർബാന വേഷത്തിൽ കുട്ടികൾ എന്നിവർ പ്രദക്ഷിണത്തെ വർണാഭമാക്കി. മാലാഖമാരുടേയും വിശുദ്ധരുടേയും വേഷങ്ങളിൽ എത്തിയ കുട്ടികൾ പ്രത്യേക ശ്രദ്ധനേടി. കേരളസഭയിലെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളോടൊപ്പം നോക്കിലെ മാതാവിൻ്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാല പ്രാർത്ഥനയോടെ ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. ഡബ്ലിൻ റീജിയൻ കൗൺസിൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

ദിവ്യകാരുണ്യ ആരാധന, ജപമാല, ആഘോഷമായ തിരുനാൾ ദിവ്യബലി, ആത്മീയ സന്ദേശങ്ങൾ, അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സാന്നിധ്യം, ആരാധനാസ്തുതിഗാനങ്ങളാൽ സമൃദ്ധമായ കേരളീയ ഭക്തിപാരമ്പര്യം നിറഞ്ഞ പ്രദക്ഷിണം എന്നിവ തീർത്ഥാടകർക്കു വേറിട്ട ആത്മീയാനുഭവമായി.

അടുത്ത വർഷത്തെ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം 2027 മെയ് 8-ാം തീയതി ശനിയാഴ്ച നടക്കും. കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നോക്ക് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയും അനുബന്ധ തിരുകർമ്മങ്ങളും പതിവുപോലെ നടക്കുന്നതായും സംഘാടകർ അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7