gnn24x7

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്ഫോടനം; ബോംബാക്രമണമെന്ന് പോലീസ്; ഉപയോഗിച്ചത് IED; ഒരാൾ കീഴടങ്ങി

0
320
gnn24x7

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി. നടന്നത് ബോംബ് സ്ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൺവെൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

യഹോവ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയും പോലീസ് തള്ളിയിട്ടില്ല. സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.എൻഐഎ (ദേശീയ അന്വേഷണ ഏജൻസി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.

സ്ഫോടനംനടന്ന സാമ്ര സെന്ററിലെ മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി മന്ത്രി ആന്റണി രാജു. ഈ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ആക്രമണത്തിനുപിന്നിൽ ആരാണെങ്കിലും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന്. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ളത്.പ്രാർഥന തുടങ്ങിയ ഉടനെയാണ് സ്ഫോടനമുണ്ടായതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണടച്ചുള്ള പ്രാർത്ഥന ആയിരുന്നതിനാൽ ആർക്കും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ചില സൂചനകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7