gnn24x7

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

0
171
gnn24x7

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവർത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.

സംഭവത്തിൽ ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ ക്ഷമാപണത്തിന് ശേഷം മാധ്യമപ്രവർത്തക പ്രതികരിച്ചത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനമായിട്ടാണ് അനുഭവപ്പെട്ടതെന്നും അതുകൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും പറഞ്ഞ അവർ മറ്റൊരു മാധ്യമപ്രവർത്തകയ്ക്കും ഇനി ഇത്തരത്തിൽ അനുഭവമുണ്ടാകരുതെന്നും പ്രതികരിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7