gnn24x7

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കില്ല, ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും ധാരണ: മുഖ്യമന്ത്രി

0
80
gnn24x7

വിഴിഞ്ഞംതുറമുഖ നിർമാണംനിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടപ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ല എന്നതിൽ മാത്രമേ സർക്കാരിനു കടുംപിടുത്തമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംയമനത്തിന്റെ അതിരുവിട്ട് ഒരുനടപടിയും വിഴിഞ്ഞത്ത് സർക്കാർ സ്വീകരിച്ചിട്ടില്ല. അക്രമം ഉണ്ടായാൽ കേസ് റജിസ്റ്റർ ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമല്ല. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തത് കോടതിയലക്ഷ്യം കാരണമാണ്. വ്യക്തികളുടെ മുഖം നോക്കിയല്ല നിയമം നടപ്പാക്കുക. പ്രകോപന പ്രസംഗങ്ങളുണ്ടായി. ആംബുലൻസും ഗർഭിണികളെയും തടഞ്ഞു. പൊലീസുകാരെ തുടർച്ചയായി ആക്രമിച്ചു. നിയമം കയ്യിലെടുക്കുന്നവരെ പൊലീസിനു നിയന്ത്രിച്ചേ മതിയാകൂ. പൊലീസിന്റെ സംയമനവും ക്ഷമയും മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നിൽ ബോട്ട് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് സമരക്കാരെ തടഞ്ഞത്. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ചിലർക്കെങ്കിലും സങ്കുചിതമായ ലക്ഷ്യങ്ങളുണ്ടായി. സമരത്തെ നയിക്കുന്നവരെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുറമുഖ സുരക്ഷയ്ക്കു കേന്ദ്രസേന വേണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ അതിനെ അനുകൂലിച്ചു എന്നാണ് പ്രചാരണം. ഇപ്പോൾ തന്നെ പല സ്ഥാപനങ്ങളിലും കേന്ദ്ര സേനയുണ്ട്. 2015ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ച കരാറിൽ നിർമാതാക്കൾ ആവശ്യപ്പെടുന്ന സുരക്ഷ നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സമരം ഒത്തുതീർക്കാൻ സർക്കാർ നടപടിയെടുത്തില്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

സർക്കാരിനു വേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയത്. ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചർച്ച നടത്തി. 24ന് വീണ്ടും ചർച്ച നടത്തി. സെപ്റ്റംബർ 5നും 23നും ചർച്ചകൾ നടന്നു. അനൗദ്യോഗിക ചർച്ചകൾ അല്ലാതെയും ഉണ്ടായി. 7 ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. 5 ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിയന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രി കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here