gnn24x7

സിക്ക പ്രതിരോധം: സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് നിർദേശം

0
534
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശവും നല്‍കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചത്.

സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവില്‍ 8 കേസുകളാണുള്ളത്. അതില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. . കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.

രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണെന്നും അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡി.എം.ഒ.മാര്‍, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here