gnn24x7

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ വലയുന്നു: കസ്റ്റംസ് നടപടിക്രമങ്ങൾക്ക് മണിക്കൂറുകൾ കാത്തിരിക്കണം

0
159
gnn24x7


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ഷാമം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദേശത്തക്കു പോകുന്നവരും അവിടെനിന്ന് മടങ്ങിവരുന്നവർക്കും കസ്റ്റം നടപടികൾക്കായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ പരിശോധിച്ചു കഴിഞ്ഞാലും ലഗേജുകൾ സമയത്ത് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ മാനദണ്ഡപ്രകാരം എ കാറ്റഗറി lയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ 144 ജീവനക്കാരുണ്ടാകണം.നാല് ഷിഫ്റ്റുകളിലായാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി നോക്കേണ്ടത്. ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 35 ഉദ്യോഗസ്ഥരുമുണ്ടാകണമെന്നുമാണ് വ്യവസ്ഥ. എന്നാൽ ഉള്ളതാകട്ടെ ഡെപ്യൂട്ടി കമ്മിഷണറും അസി. കമ്മിഷണറുമടക്കം 39 പേർ മാത്രം. ഒരു ഷിഫ്റ്റിൽ 10 പേർ തികച്ചുണ്ടാവില്ല. ഒരുവർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നുപോകുന്നത് 12000 അന്താരാഷ്ട്ര വിമാനങ്ങളാണ്. 15ലക്ഷം യാത്രക്കാരും വന്നു പോകുന്നുണ്ട്. രാത്രി സമയങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അർധരാത്രി മുതൽ രാവിലെ വരെ ആറും ഏഴും വിമാനങ്ങളിലായി കുറഞ്ഞ് 3500 യാത്രക്കാരെങ്കിലുമുണ്ടാകും.

കാൽ മണിക്കൂർ ഇടവിട്ട് വിമാനങ്ങളെത്തുന്നതും പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലപ്പോഴും യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്ക ങ്ങളുണ്ടാവാനും ഇതു വഴിയൊരുക്കുന്നു. കസ്റ്റംസിന്റെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ സംവിധാനത്തിലാണ്. ലഗേജുകൾ പരിശോധിക്കാൻ ആകെയുള്ളത് ഒരു എക്സ്-റേ മെഷീൻ മാത്രം. വിമാനത്തിൽനിന്ന് ലഗേജുകൾ കൊണ്ടിടുന്നതിനായി നാല് കൺവെയർ ബെൽറ്റുകളുണ്ട്. എന്നാൽ ലഗേജുകൾ വിമാനത്തിൽനിന്ന് സമയബന്ധിതമായി കൺവേയർ ബെൽറ്റുകളിൽ എത്തിക്കുന്നതിനും സമയമെടുക്കുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. ഇത്തരം സാങ്കേതിക തടസ്സങ്ങളും വൈകലിനു കാരണമാകുന്നു.

കേന്ദ്രസർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂന്ന് ജി.എസ്.ടി. കമ്മിഷണറേറ്റുകളിൽ നിന്നാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോസ്ഥരെ ഡെപ്യൂട്ടേഷൻ കാറ്റഗറിയിൽ നിയോഗിക്കേണ്ടത്. കൊച്ചിൻ കമ്മിഷണറേറ്റിൽ നിന്നാണ് നെടുമ്പാശ്ശേരിയിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്.എന്നാൽ ഉദ്യോഗസ്ഥരെ അയക്കേണ്ട കമ്മിഷണറേറ്റുകളിലും ആൾക്ഷാമമുള്ളതിനാൽ നിലവിലെ സ്ഥിതി തുടരാനേ കഴിയുകയുള്ളൂയെന്ന് കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here