gnn24x7

സൂപ്പര്‍ ഹീറോ ‘മാമു’

0
364
gnn24x7

കോഴിക്കോട്: അങ്ങിനെ ചിരിയുടെ സാമ്രാട്ടായ മാമുക്കോയ ഇനിമുതല്‍ സൂപ്പര്‍ ഹീറോ ‘മാമു’ ആവുന്നു. പ്രേക്ഷകരുടെ മനസ്സ് ഇളക്കാന്‍, ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ‘തഗ്’ ഡയലോഗുകളുമായി മലയാളത്തിലെ അഭിമാനം മാമുക്കോയ ഇനിമുതല്‍ ‘ സൂപ്പര്‍ ഹിറോ മാമു’ ആവുന്നു. ബി.എം.ജി മീഡിയ ഹൗസ് നിര്‍മ്മിക്കുന്ന വെബ്‌സീരീസിലാണ് മലയാളത്തിന്റെ ഹാസ്യകുലപതി ബേപ്പൂരുകാരനായ കോഴിക്കോടിന്റെ സ്വന്തം ‘മാമുക്ക’ സൂപ്പര്‍ ഹിറോ ആവുന്നത്.

അമേരിക്കയില്‍ നടന്ന സൂപ്പര്‍ ഹീറോകളുടെ യോഗത്തില്‍ സൂപ്പര്‍ മാമുവിനോട് വിരമിക്കാന്‍ പറഞ്ഞതോടെ കനത്ത വിഷമത്തോടെ സൂപ്പര്‍ മാമു ജന്മനാടായ കോഴിക്കോട് തിരിച്ചു വരുന്നു. എന്നാലും തന്റെ സ്വന്തം നാട്ടിലെത്തിയാലും തനിക്ക് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് സൂപ്പര്‍ മാമു വിശ്വസിച്ചു. തുടര്‍ന്നാണ് രസകരമായ കഥകള്‍ ആരംഭിക്കുന്നത്. ഉദ്യോഗജനകവും സറ്റൈയറും ഒരുമിച്ച് ഇഴചേര്‍ന്ന സമ്പൂര്‍ണ്ണമായ രസികന്‍ കഥകളിലൂടെ സൂപ്പര്‍ മാമു നമ്മളിലേക്ക് വരികയാണ്.

ഒരു ദേശീയ സൂപ്പര്‍ ഹീറോ പരിവേഷത്തിന് മാമുക്കോയയെപ്പോലെ യോഗ്യനായ മറ്റൊരാള്‍ ഇല്ലെന്നും കോഴിക്കോടന്‍ ഭാഷയുടെ സ്വാധീനവും അത് ഇത്രയേറെ വശ്യമായി മലയാളികളിലേക്ക് പകര്‍ന്ന മറ്റൊരു നടനില്ലെന്നു വേണം പറയാന്‍. അതുകൊണ്ടു തന്നെ ഇത് കുട്ടികള്‍ക്കും അബാലവൃദ്ധം ജനങ്ങള്‍ക്കും ജനപ്രിയ പരമ്പരയായി തീരുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പരമ്പരയുടെ മീഡിയ ഡയറക്ടറും ഈ പരമ്പരയുടെ സ്രഷ്ടാവുമായ മുഹമ്മദ് തല്‍ഹത്ത് പറയുന്നു.

സൂപ്പര്‍ ഹിറോ മാമു വിന്റെ കഥാ സന്ദര്‍ഭങ്ങളും മറ്റും തയ്യാറാവുന്നതേ ഉള്ളൂ. 2021 ലാണ് വെബ്‌സീരീസ് ബി.എം.ജി പ്ലാന്‍ ചെയ്യുന്നത്. നാട്ടില്‍ തിരിച്ചെത്തിയ സൂപ്പര്‍ ഹീറോ മാമു തന്റെ കഴിവുകള്‍ നിരന്തരം പരീക്ഷിച്ചുനോക്കുന്നു. ലോകത്തെ രക്ഷിക്കുന്ന ഹീറോ ആവുന്നതിന് പകരം മാമു തന്റെ പവറുകള്‍ തെങ്ങ് മുറിക്കാന്‍, തേങ്ങ പറിക്കാന്‍, ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കാന്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ നുറുങ്ങുകളാണ് സൂപ്പര്‍ ഹീറോ മാമു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here