കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയാണ് സമീപകാലത്തു നേരിടുന്നത്. ഏറെ നാശം വിതച്ച കാട്ടുതീ ഉള്‍പ്പടെയുള്ള ദേശീയ ദുരന്തങ്ങള്‍ക്കു കാരണമായത് ഈ വരള്‍ച്ചയാണ്. വരള്‍ച്ച നാശം വിതച്ചത് പ്രകൃതിയിലെ ജൈവവൈവിദ്ധ്യധ്യ സമ്പത്തിനു കൂടിയാണ്. ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുക്കളില്‍ 15 ലക്ഷത്തോളം ജീവികളാണ് വരള്‍ച്ചയെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ മരണത്തിനു കീഴടങ്ങിയത്.
നാല് വര്‍ഷത്തിനുള്ളില്‍ ജീവനറ്റത് അന്‍പത് ലക്ഷം കംഗാരുക്കള്‍
ഓസ്ട്രേലിയ ഇപ്പോള്‍ നേരിടുന്ന കൊടും വരള്‍ച്ച പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. നാല് വര്‍ഷത്തിലേറെയായി ഈ വരള്‍ച്ച ഓസ്ട്രേലിയയില്‍ പിടിമുറുക്കാന്‍ തുടങ്ങിയിട്ട്. ഓരോ വര്‍ഷം പിന്നിടുമ്പോഴും ഈ വരള്‍ച്ച രൂക്ഷമായി വരികയാണ്. കിഴക്കന്‍ ഓസ്ട്രേലിയയിലെ പ്രധാന ജലാശയങ്ങളെല്ലാം വര്‍ഷങ്ങളായി വരള്‍ച്ചയുടെ പിടിയിലാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ജീവികളുടെ അതിജീവിനത്തെയും ഈ പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ വരള്‍ച്ച മൂലം കൊല്ലപ്പെട്ടത് 50 ലക്ഷം കംഗാരുക്കള്‍ ആണെന്ന കണക്കു തന്നെ ഇതിന് ഉദാഹരണം.
കൊടും വരള്‍ച്ച കംഗാരുക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഈ ദേശീയ മൃഗത്തോടുള്ള ഓസ്ട്രേലിയയുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാക്കുന്നുണ്ട്. നിലവില്‍ കംഗാരുക്കളെ വന്യമൃഗങ്ങളായാണ് ഓസ്ട്രേലിയയില്‍ പരിഗണിക്കുന്നത്. അതേസമയം ഇവയുടെ എണ്ണത്തില്‍ വർധനവുണ്ടാകുന്ന മേഖലകളില്‍ ഇവയെ വേട്ടയാടാന്‍ അനുവാദവും നല്‍കാറുണ്ട്. അതേസമയം ഇവയുടെ വന്യമൃഗങ്ങളെന്ന പദവി മാറ്റി, ഇവയെ വളര്‍ത്തു മൃഗങ്ങളായി കൂടി പരിപാലിക്കാന്‍ അനുവദിച്ചാല്‍ കംഗാരുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നാണു ചിലരെങ്കിലും വാദിക്കുന്നത്.
ഇപ്പോള്‍ തന്നെ ഓസ്ട്രേലിയയിലെ കംഗാരു ഇനങ്ങളില്‍ നാല് വിഭാഗങ്ങളെ ഇറച്ചിക്കായി വേട്ടയാടാറുണ്ട്.കംഗാരുക്കളുടെ എണ്ണം അമിതമുള്ള മേഖലകളില്‍, ഇവയുടെ പ്രജനനത്തിനു മുന്‍പുളള്ള മാസങ്ങളിലാണ് വേട്ടയാടാനുളള്ള അനുമതി നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ കംഗാരുക്കളെ മാംസത്തിനു വേണ്ടി തന്നെ വളര്‍ത്താനുള്ള അനുമതി നല്‍കുന്നതിലൂടെ ഈ ജീവികളുടെ വ്യത്യസ്ത ഇനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ചില ആളുകളെങ്കിലും വാദിക്കുന്നത്. കംഗാരു മാംസവ്യാപാരം എന്നത് ഓസ്ട്രേലിയയില്‍ വര്‍ഷം 175 ദശലക്ഷം ഡോളറിന്‍റെ വിനിമയം നടക്കുന്ന മേഖലയാണ്. അതുകൊണ്ട് തന്നെ കംഗാരുക്കളെ വ്യാവസായികമായി വളര്‍ത്താന്‍ അനുവദിക്കുന്നത് കംഗാരുക്കളുടെ വംശത്തെ നിലനിര്‍ത്താനും സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കംഗാരുക്കളുടെ മാംസവും തോലും സംസ്കരിച്ച് മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായും വിവിധ തുകല്‍ ഉൽപന്നങ്ങളായും കയറ്റിമതി ചെയ്യുന്നതിന് ഇപ്പോള്‍ നിരവധി കമ്പനികള്‍ രംഗത്തു വന്നിട്ടുണ്ട്. വേട്ടക്കാരില്‍ ഭൂരിഭാഗവും വേട്ടയാടുന്ന കംഗാരുക്കളെ ഈ കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുക. മികച്ച വിദേശനാണ്യം ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുക്കുന്ന ഒന്നായി കംഗാരുമാംസ സംസ്കരണ വ്യവസായം വളരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ കാട്ടുതീയും പ്രതിസന്ധി
കടുത്ത വരള്‍ച്ച സൃഷ്ടിച്ച കാട്ടുതീ പരമ്പരയ്ക്ക് ഇതുവരെ പരിഹാരം കാണാന്‍ ഓസ്ട്രേലിയയ്ക്കു കഴിഞ്ഞിട്ടില്ല. വേനല്‍ കടുത്തതോടെ ഇപ്പോള്‍ ന്യൂ സൗത്ത് വെയ്ല്‍സിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ ഇതുവരെ പൂര്‍ണമായി അണഞ്ഞിട്ടില്ല. ഇതിനിടെ പുതിയ കാട്ടുതീ പല പ്രദേശങ്ങളിലായി ഉണ്ടാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഈ കാട്ടുതീയില്‍ പെട്ടും കംഗാരുക്കള്‍ ഉള്‍പ്പടെയുള്ള നിരവധി വന്യജീവികള്‍ക്ക് ജീവൻ നഷ്ടമായതായാണ് വനം വകുപ്പ് അറിയിച്ചത്.