gnn24x7

സിബിഎസ്ഇ പരീക്ഷയിൽ സ്ത്രീവിരുദ്ധ പരാമർശമുള്ള ചോദ്യഭാഗം ഒഴിവാക്കി; എല്ലാ വിദ്യാർഥികൾക്കും മാർക്ക് നൽകും

0
273
gnn24x7

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലിഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം അടങ്ങിയ വിവാദ ഭാഗം പിൻവലിച്ചു. ഈ ഭാഗത്തെ 8 ഉത്തരങ്ങൾക്കായുള്ള 8 മാർക്ക് എല്ലാ വിദ്യാർഥികൾക്കും നൽകും. ശനിയാഴ്ച നടന്ന പരീക്ഷയുടെ ‘ജെഎസ്കെ 1’ സീരീസിലുള്ള ചോദ്യക്കടലാസിൽ സെക്‌ഷൻ എയിലെ ഒന്നാം ഭാഗത്ത് 3 ഖണ്ഡികയുള്ള ഭാഗമാണു വിവാദമായത്. മറ്റു സീരീസിലുള്ള ചോദ്യക്കടലാസിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും ഈ ഭാഗത്തെ മുഴുവൻ മാർക്കും ലഭിക്കും.

‘ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്ചപ്പാട് കുട്ടികൾക്കുമേൽ ഭാര്യയ്ക്കു കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കമുണ്ടാക്കാനും സ്ത്രീകൾക്കു സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്ത്രീസ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. പിതാവിന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീപുരുഷ തുല്യത നടപ്പാക്കിയതോടെ എല്ലാം താളം തെറ്റി’ – എന്നിങ്ങനെയായിരുന്നു വിവാദ ഭാഗം. ഇതിൽ നിന്നുള്ള 10 ചോദ്യങ്ങളിൽ എട്ടെണ്ണത്തിനായിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന പരാമർശത്തിൽ സിബിഎസ്ഇ മാപ്പു പറയണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണു വിവാദഭാഗം പിൻവലിക്കുന്നതായ അറിയിപ്പു വന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here