gnn24x7

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കൾ

0
363
gnn24x7

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങൾ വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ‌്ത ദമ്പതികളുടെ മക്കള്‍. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും, നിയമപരമായി ഇത് അയല്‍വാസിയായ വസന്തയുടെ ഭൂമിയല്ലെന്നും, സ്ഥലം നിയമപരമായി സർക്കാർ തരികയാണെങ്കിൽ മാത്രമേ വാങ്ങൂ എന്നും രാജന്റെ മക്കൾ പറഞ്ഞു.

തർക്ക ഭൂമി വസന്തയിൽ നിന്ന് വാങ്ങി ആ സ്ഥലത്ത് പുതിയ വീട് നിർമ്മിച്ചു നൽകുമെന്നും വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. എന്നാൽ നിയമപരമല്ലാത്ത ഭൂമി തങ്ങൾക്കു വേണ്ടെന്നാണ് രാജന്റെ മക്കളുടെ നിലപാട്. അതേസമയം സഹായിക്കാൻ താൽപര്യം കാണിച്ച ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും മക്കൾ പറഞ്ഞു.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജനും ഭാര്യ അമ്പിളിയും മരിച്ചത്.

ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്.

gnn24x7