gnn24x7

കോവിഡ് 19; ബ്രിട്ടനിൽ 24 മണിക്കൂറില്‍ 786 മരണം

0
273
gnn24x7

ലണ്ടൻ: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ദിവസമായിരുന്നു ഇന്നലെ. 786 പേരാണ് ഇന്നലെ മാത്രം ആശുപത്രികളിൽ മരിച്ചത്. ഇതിനു പുറമേ അമ്പതിലേറെ ആളുകൾ ദിവസേന നഴ്സിംങ് ഹോമകളിലും കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. ഇതുവരെ ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 6159 ആയി. 55,242 പേർക്കാണ് ഇതുവരെ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. ദിവസേന പതിനാലായിരത്തിലേറെ ആളുകൾക്കാണ് ഇപ്പോൾ രോഗപരിശോധന നടത്തുന്നത്.

മരിച്ചവരിൽ കാഡിയോളജി സർജനും സർവീസിൽ തിരിച്ചെത്തിയ ഡോക്ടറും

ഇന്നലെ ബ്രിട്ടനിൽ മരിച്ചവരിൽ രാജ്യത്തെ പ്രശസ്തനായ കാർഡിയോളജി സർജന്മാരിൽ ഒരാളും ഉൾപ്പെടുന്നു. കാഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ ജോലി ചെയ്തിരുന്ന ഡോ. ജിതേന്ദ്ര റാത്തോഡ് (55) ആണ് മരിച്ചത്. ഇന്ത്യൻ വംശജനായ ഇദ്ദേഹം ഇരുപതു വർഷത്തിലേറെയായി ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. നാലു ഡോക്ടർമാരും അഞ്ച് നഴ്സുമാരും രണ്ട് പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ ഇതുവരെ പന്ത്രണ്ട് ആരോഗ്യ പ്രവർത്തകരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. സർക്കാരിന്റെ ആഹ്വാനപ്രകാരം സർവീസിൽ തിരിച്ചെത്തിയ എഴുപതുകാരനായ ഡോക്ടറും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.

ബോറിസിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല

സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. ഓക്സിജൻ ചികിൽസയ്ക്ക് വിധേയനാക്കുന്ന അദ്ദേഹത്തിന് വെന്റിലേറ്റർ സപ്പോർട്ട് ഉൾപ്പെടെയുള്ള ചികിൽസകൾ ആവശ്യമായി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. എലിസബത്ത് രാജ്ഞിയും മറ്റ് ലോകനേതാക്കളും അദ്ദേഹത്തിന് സുഖാശസകൾ നേർന്ന് സന്ദേശങ്ങൾ അയച്ചു. ശക്തമായ പോരാളിയായ ബോറിസ് ഉടൻ ചുമതലകളിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡോമിനിക് റാബ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ചത്.

മൈക്കിൾ ഗോവും ഐസൊലേഷനിൽ

ബോറിസ് മന്ത്രിസഭയിലെ പ്രമുഖനായ കാബിനറ്റ് സെക്രട്ടറി മൈക്കിൾ ഗോവ് ഐസൊലേഷനിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്.

കോവിഡ് തുണയായത് തടവുകാർക്ക്

കോവിഡ് രോഗംകൊണ്ട് ഗുണമുണ്ടായത് ബ്രിട്ടനിലെ തടവുകാർക്കാണ്. ജയിലിലെ സൗകര്യക്കുറവും ജീവനക്കാരുടെ കുറവും മൂലം 4000 തടവുകാരെ വിട്ടയ്ക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ചെറിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുഭവിക്കുന്നവരെയായിരുന്നു ഇത്തരത്തിൽ വിട്ടയ്ക്കാൻ തീരുമാനിച്ചത്. നിലവിലെ സ്ഥിതി രാജ്യത്ത് തുടരുന്ന സ്ഥിയിയുണ്ടായാൽ 15,000 തടവുകാരെയെങ്കിലും ഇത്തരത്തിൽ വിട്ടയക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

അധികവില ഈടാക്കിയ കച്ചവടക്കാർക്കെതിരേ നടപടി

ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ സാധനങ്ങൾക്ക് അധികവില ഈടാക്കിയ ഈസ്റ്റ് ലണ്ടനിലെ ഗ്രോസറി കടക്കാർക്ക് കൗൺസിൽ കനത്ത പിഴയിട്ട് കടകൾ പൂട്ടിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള കസ്റ്റമർമാർ ബില്ല് സഹിതം സ്ഥലം എംപിക്ക് പരാതി നൽകിയതോടെയാണ് കൗൺസിൽ നടപടിയെടുത്തത്. ഈസ്റ്റ്ഹാമിലെയും ഇൽഫോർഡിലെയും സൌത്ത് ഇന്ത്യൻ, ശ്രീലങ്കൻ ഗ്രോസറി കടകളാണ് ഇങ്ങനെ പൂട്ടിയതിൽ കൂടുതലും. പതിനായിരക്കണക്കിനു രൂപയാണ് പിഴയിട്ടത്. ചിലർ പിഴയടച്ച് കടകൾ തുറന്നു. എന്നാൽ ഈസറ്റ്ഹാം ഹൈസ്ട്രീറ്റിലെ പല കടകളും ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. കുത്തരിക്കും പയറുവർഗങ്ങൾക്കും പച്ചക്കറികൾക്കും മറ്റും ഇരട്ടിയോളം വിലകൂട്ടിയായിരുന്നു ഇവർ പലരും വിറ്റിരുന്നത്. ഇവർക്ക് കടകളിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്ത് വിതരണം ചെയ്തിരുന്ന ചില മലയാളി സബ്ലൈയർമാർക്കും ഇതിന്റെ ഭാഗമായി നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here