gnn24x7

ഇറ്റലിക്കും സ്പെയിനും സമാനമായി ബ്രിട്ടനിലും കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു

0
266
gnn24x7

ലണ്ടൻ: ഇറ്റലിക്കും സ്പെയിനും സമാനമായി ബ്രിട്ടനിലും കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ മരിച്ചത് 260 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1019 ആയി. 17,089 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടുലക്ഷത്തിൽ താഴെ മാത്രം ആളുകളെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോഴാണ് ഇത്രയും ആളുകളിൽ രോഗബാധ കണ്ടെത്തിയത്. രാജ്യത്തെ യഥാർഥ രോഗികളുടെ എണ്ണം ഇതിലും പലമടങ്ങ് ഏറെയായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നത്.

ബോറിസിന്റെ നില തൃപ്തികരം

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന്റെയും ആരോഗ്യനില തൃപ്തികരമായി പുരോഗമിക്കുന്നതായാണ് ഔദ്യോഗിക അറിയിപ്പ്. രാജ്യത്തെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ക്രിസ് വിറ്റിക്കും ഇന്നലെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി വാർത്തയുണ്ട്. ഇദ്ദേഹം ഐസൊലേഷനിൽ പ്രവേശിച്ചു. പ്രധാനമന്ത്രിയോടൊപ്പം എല്ലാദിവസവും വാർത്താസമ്മേളനത്തിന് എത്തിയിരുന്ന ആളാണ് ക്രിസ് വിറ്റി.

നിരവധി മലയാളികളും രോഗികൾ

രാജ്യത്തൊട്ടാകെ നിരവധി മലയാളികൾക്ക് രോഗം സ്ഥിരീകരിക്കുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന മലയാളുകളും ഏറെയാണ്. എന്നാൽ ഇവരുടെ ആരുടെയും ആരോഗ്യനില ആശങ്കാജനകമായതായി റിപ്പോർട്ടുകളില്ല.

മരണസംഖ്യ ഉയരുമെന്ന് പഠന റിപ്പോർട്ട്

ഇതിനിടെ ഇന്നലെ പുറത്തുവന്ന ലണ്ടൻ ഇംപീരിയൽ കോളജിന്റെ പഠന റിപ്പോർട്ട് ലോകത്താകെ ആശങ്ക പരത്തുന്നതാണ്. എല്ലാ ഭൂകണ്ഡങ്ങളിലുമായി നാൽപതു മില്യൺ (നാല് കോടി) ആളുകളെയെങ്കിലും കൊറോണ വൈറസ് കീഴ്പെടുത്തുമെന്നാണ് ഇവരുടെ പഠന റിപ്പോർട്ട്. ഇതനുസരിച്ച് ബ്രിട്ടമിലെ മരണസംഖ്യ പതിനായിരത്തിൽ ഏറെയാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

ആശുപത്രികൾ നിറഞ്ഞ് രോഗികൾ

ബ്രിട്ടണിലെ എൻ.എച്ച്.എസ്. ആശുപത്രികളെല്ലാം കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. രാജ്യത്തെ എണ്ണായിരത്തോളം വെന്റിലേറ്ററുകളിലും രോഗികൾ ആയിക്കഴിഞ്ഞു.

താൽകാലിക ആശുപത്രികൾ പ്രവർത്തനസജജമാകുന്നു

മിലിട്ടറിയുടെ സഹായത്തോടെ സർക്കാർ നിർമിക്കുന്ന താൽകാലിക ഫീൽഡ് ആശുപത്രികളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഈസ്റ്റ് ലണ്ടനിലെ എക്സൽ കൺവൻഷൻ സെന്റർ. മാഞ്ചസ്റ്റർ സെനട്രൽ കൺവൻഷൻ സെന്റർ, ബർമിങ്ങാം നാഷണൽ എക്സിബിഷൻ സെന്റർ എന്നിവയാണ് മിലിട്ടറി യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികളാക്കി മാറ്റുന്നത്. ഇതിൽ എക്സലിലെ ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലാണ് ഏപ്രിൽ നാലിന് ഇതിന്റെ പ്രവർത്തനം തുടങ്ങുമെന്നാണ് ഇപ്പോൾ അറിയുന്നത്. നാലായിരം ബെഡ്ഡുകളുള്ള ആശുപത്രിയാകും ഇത്. എൻ.എച്ച്.എസിൽനിന്നും വിരമിച്ച ഡോക്ടർമാരും നഴ്സുമാരുമാകും ഇവിടെ പ്രധാനമായും സേവനം അനുഷ്ഠിക്കുക. ആവശ്യമെന്നു കണ്ടാൽ ഗ്ലാസ്ഗോയിലും മറ്റ് ചെറു നഗരങ്ങളിലും ഇത്തരത്തിൽ ആശുപത്രി നിർമിക്കാൻ പദ്ധതിയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here