gnn24x7

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം; അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ വെങ്കല പ്രതിമ തകർത്ത് ബ്രിട്ടനിൽ പ്രതിഷേധം

0
258
gnn24x7

ലണ്ടൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നുദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ അരങ്ങേറിയത് വലിയൊരു പ്രതികാരത്തിന്റെ പ്രതിഫലനമായിരുന്നു. ബ്രിസ്റ്റോളിലെ നഗരമധ്യത്തിൽ സ്ഥാപിച്ച അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ കൂറ്റർ വെങ്കല പ്രതിമ ഇളക്കിയെടുത്ത്  ഹാർബറിൽ താഴ്ത്തിയായിരുന്നു പ്രതിഷേധക്കാർ ആടിത്തിമിർത്തത്. തകർത്തു നിലത്തിട്ട പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചവർ, അമേരിക്കയിൽ ഫ്ലോയിഡിനെതിരേ അരങ്ങേറിയ അതിക്രമത്തിന്റെ  പ്രതീകാത്മകമായ തനിയാവർത്തനം തന്നെ തീർത്ത് പകരം വീട്ടി. 

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഡ്വേർഡ് കോൾസ്റ്റൺ റോയൽ ആഫ്രിക്കൻ കമ്പനിയിലെ ഉദ്യോഗസഥ പ്രമുഖനായിരുന്നു. ആഫ്രിക്കയിൽനിന്നും സ്ത്രീകളും കുട്ടികളും അടക്കം എൺപതിനായിരത്തിലധികം പേരെയാണ് അടിമകളാക്കി കോൾസ്റ്റൺ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അടിമവ്യാപാരത്തിലൂടെയും പുകയില കച്ചവടത്തിലൂടെയും കോടിക്കണക്കിനു രൂപയുടെ അധിപനായി. ഒടുവിൽ തിരിച്ചെത്തി പൊതുപ്രവർത്തകനായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ഒടുവിൽ പാർലമെന്റംഗം വരെയായി.

1721ൽ മരിക്കുമ്പോൾ മിച്ചമുള്ള കോടാനുകോടിയുടെ സ്വത്തുക്കൾ ബ്രിസ്റ്റോളിലെ ചാരിറ്റികൾക്കായി ദാനം ചെയ്തു. ഇതുപയോഗിച്ച് അദ്ദേഹത്തിന്റെ സ്മാരകങ്ങളായി നിരവധി കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം ബ്രിസ്റ്റോളിൽ ഉയർന്നത്. വിവാദ നായകനായ കോൾസ്റ്റന്റെ പ്രതിമ 1895ലാണ് നഗരമധ്യത്തിൽ സ്ഥാപിച്ചത്. ഇതിനെതിരേ നേരത്തെയും വലിയ പ്രക്ഷോഭവും പ്രതിഷേധവും ബ്രിസ്റ്റോളിൽ നടന്നിട്ടുണ്ട്. പ്രതിമ നീക്കാനായി അടുത്തിടെ ലോഞ്ച് ചെയ്ത പെറ്റീഷനിൽ 11,000 അധികം പേരാണ് ഒപ്പിട്ടത്. ഈ പശ്ചാത്തലം നിലനിൽക്കെയാണ് ഇന്നലെ വർണവിവേചനത്തിനും വംശീയ അതിക്രമത്തിനുമെതിരേ സമരം ചെയ്തവർ അദ്ദേഹത്തിന്റെ കൂറ്റൻ വെങ്കല പ്രതി തകർത്ത്, അടുത്തുള്ള ഹാർബറിൽ മുക്കിത്താഴ്ത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here