gnn24x7

യു കെ സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് വിസയുടെ യാഥാർഥ്യങ്ങളും ചതിക്കുഴികളും

0
930
gnn24x7

നഴ്സിംഗ് പാസായവർക്ക് സീനിയർ കെയറന്മാരായും നഴ്സിംഗ് അസിസ്റ്റന്റ്മാരായും ഇനിമുതൽ ബ്രിട്ടനിൽ എത്താമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ. ഇത് സംബന്ധിച്ച് അവ്യക്തവും അർത്ഥസത്യങ്ങളുമായ വാർത്തകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരം ഒരു വിസയിൽ ഭൃത്യനിൽ എത്താമോ എന്ന ചോദ്യത്തിന് എത്താം എന്ന് തന്നെയാണ് ഉത്തരം.

പക്ഷെ ഇങ്ങനെ എത്തുന്നതിന്റെ നടപടി ക്രമങ്ങളും എത്തിക്കാൻ ശ്രമിക്കുന്നവരിൽ പലരുടെയും തീവെട്ടി കൊള്ളയും ഏറെയാണ് . എത്തിക്കഴിഞ്ഞാൽ മുന്നോട്ടുള്ള പ്രയാണവും അത്രെയേറെ സുഗമമല്ല. യു കെ മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഈ മാസം നാലിനാണ് ഹോം ഓഫിസിന്റെ ഷോർട്ടജ് ഒക്ക്യൂപാഷൻ ലിസ്റ്റിൽ സീനിയർ കെയറന്മാരെയും നഴ്സിംഗ് അസിസ്റ്റന്റ്മാരെയും പുതുതായി ഉൾപ്പെടുത്തിയത്.

2021 ഏപ്രിൽ 6 മുതലാവും പുതിയ ഈ തീരുമാനം പ്രാബല്യത്തിൽ വരിക. അന്ന് മുതൽ ഈ ജോലികൾക്കായി അപേക്ഷിക്കാം. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സീനിയർ കെയറന്മാരായും നഴ്സിംഗ് അസിസ്റ്റന്റ്മാരായും ജോലി ചെയ്യാൻ ആവശ്യത്തിന് ആളെ ലഭിക്കാത്ത സാഹചര്യം സംജാതമായേക്കുമെന്ന് കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം.

NHS ആശുപത്രികളിലും പ്രൈവറ്റ് നഴ്സിംഗ് ഹോമുകളിലും രോഗികളെയും ഇൻമാറ്റസിനെയും പരിചരിക്കാനുള്ള ജോലിയാണ് നഴ്സിംഗ് അസിസ്റ്റന്റ്മാരുടേത്. സീനിയർ കേറെർ മാർക്ക് ഈ ജോലിയുടെ കോർഡിനേഷൻ ചുമതല കൂടി ഉണ്ടാവും.

ഏതെങ്കിലും ഒരു രെജിസ്റ്റഡ് നഴ്സിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള സൂപ്പർ വൈസിംഗിലാവും ഇവരുടെ ജോലി. ഈ ജോലികൾക്ക് നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണമെന്ന് നിർബന്ധമായ നിബന്ധനയില്ലെങ്കിലും ആരോഗ്യപരിപാലന മേഖലയിലെ ജോലി ആയതിനാൽ അവർക്കാകും കൂടുതൽ മുൻഗണന.

ഇങ്ങനെ വരുന്നവർക്ക് പിന്നീട് എളുപ്പത്തിൽ നേഴ്സ് ആകാം എന്ന പ്രചാരണം ശെരിയല്ല. IELTS അല്ലെങ്കിൽ OET പരീക്ഷകൾ പാസ്സായി NMC രെജിസ്ട്രേഷൻ എടുത്താൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് യു കെ രെജിസ്റ്റഡ് നഴ്‌സായി ജോലി ചെയ്യാനാകൂ.സീനിയർ കെയറർ ആയെത്തി ആറ് മാസത്തിനോ ഒരു വർഷത്തിനോ അകം നേഴ്സ് ആകാം എന്ന് പറഞ്ഞു പതിനഞ്ചും ഇരുപതും ലക്ഷം ചോദിക്കുന്ന ഏജന്റുമാർ അക്കാരണത്താൽ തന്നെ തട്ടിപ്പുകാരാണെന്നു ചുരുക്കം.

പുതുതായി ഷോർടാജ് ഒക്ക്യൂപാഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയ സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് ജോലികൾക്ക് മണിക്കൂറിന് പത്ത് പൗണ്ട് പത്തു പെൻസ് ആണ് കുറഞ്ഞ ശമ്പളമായി എംപ്ലോയർ നൽകേണ്ടത്. ആഴ്ചയിൽ ശരാശരി 39 മണിക്കൂറെങ്കിലും ജോലി ചെയ്യുമ്പോൾ വർഷന്തോറും ഒരാൾക്ക് 20480 പൗണ്ട് എംപ്ലോയർ ശമ്പളമായി നൽകണം.

സീനിയർ കെയറർമാർക്ക് ടീം മാനേജ്‌മന്റ് സ്കിൽ ആവശ്യമായതിനാൽ NVQ 3 അല്ലെങ്കിൽ SVQ 3 യോഗ്യത വേണമെന്നാണ് നിബന്ധന. നഴ്സിംഗ് പാസ്സായവരാണെങ്കിൽ ഈ യോഗ്യത ഇതിനു പകരമായി പരിഗണിക്കും. നഴ്സിംഗ് പാസ്സാകാത്തവർ ‌ NVQ 3 അല്ലെങ്കിൽ SVQ 3 കോഴ്സ് ഇതിനായി പാസ്സാകേണ്ടി വരും. സാധാരണ 3 വർഷത്തേക്കാണ് സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് വിസകൾ അനുവദിക്കുക. ഇതിനു ശേഷം മറ്റൊരു മൂന്നു വർഷത്തേക്കു കൂടി എക്സ്റ്റൻഷൻ ലഭിക്കും.

ഇതിനിടയി അഞ്ചു വർഷം പൂർത്തിയാകുന്ന മുറക്ക് പെര്മനെന്റ് റെസിഡൻസി സ്റ്റാറ്റസിനും ഒരു വര്ഷം കഴിഞ്ഞു സിറ്റിസൺഷിപ്പിനും അപേക്ഷിക്കാം. ഇങ്ങനെ 3 വർഷത്തെ വിസയിൽ വരുന്നവർക്ക് ഫാമിലി വിസ അനുവദിക്കും. പങ്കാളിക്ക് മുഴുവൻ സമയം ജോലി ചെയ്യുവാനും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും അനുമതിയുണ്ടാകും.

വിദേശത്തു നിന്നും റിക്രൂയ്‌മെന്റിനു എംപ്ലോയർമാർ കൃത്യമായി പാലിക്കേണ്ട നിബന്ധനകളുണ്ട്. ഇത് പാലിക്കുന്നില്ല എന്ന് എപ്പോഴെങ്കിലും ഹോം ഓഫിസ് കണ്ടെത്തിയാൽ നഴ്സിംഗ് ഹോമിന്റെ ലൈസെൻസ് തന്നെ നഷ്ടപ്പെടും. അതോടെ അവർ സ്പോൺസർ ചെയ്തു എത്തിച്ചവർ മടങ്ങി പോകേണ്ട സ്ഥിതി ഉണ്ടാവും. അല്ലാത്തപക്ഷം ഇവർക്ക് മറ്റൊരു സ്‌പോൺസറെ കണ്ടെത്തി മാറേണ്ടി ആരും അതിനാൽ ഏജന്റുമാർ പറയുന്നത് മാത്രം വിശ്വസിക്കാതെ ജോലി വാഗ്ദാനം നൽകുന്നത് ശെരിയായ സ്‌പോൺസർഷിപ് ലൈസെൻസ് ഉള്ള ഹോമുകളാണെന്ന് ഉറപ്പുവരുത്തണം.

റിക്രൂട്ട്മെന്റ് ബിസിനസ്സായി നടത്തി പിടിയിലായ നഴ്സിംഗ് ഹോമുകൾ ബ്രിട്ടണിൽ നിരവധിയാണ്. ഇവിടങ്ങളിൽ ജോലിക്കെത്തി പണം നഷ്ടപ്പെടുത്തി മടങ്ങേണ്ടിവന്ന മലയാളികളും പലരുണ്ട്. സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് ജോലിക്ക് IELTS അല്ലെങ്കിൽ OET യോ പാസ്സാകേണ്ടതില്ല എന്നാൽ ബ്രിട്ടണിലേക്കുള്ള എല്ലാ വിസകൾക്കും അപേക്ഷകന്റെ ലാംഗ്വേജ് പ്രൊവിഷൻസി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി IELTS എഴുതണം. നാല് മോഡ്യൂളും ചുരുങ്ങിയത് നാല് പോയിന്റെങ്കിലും ഒറ്റ സിറ്റിങ്ങിൽ നേടിയാലെ മിനിമം യോഗ്യതയാവു.

ഇതിനായി എഴുതേണ്ടത് UKVI ഐലെട്സ് എന്ന പരീക്ഷയുടെ അക്കാഡമിക് വേർഷൻ ആണ്. B.Sc നഴ്സിംഗ് പാസായവരാണെങ്കിൽ അവർ തങ്ങളുടെ സെർട്ടിഫിക്കറ്റും കോഴ്സിന്റെ ഇംഗ്ലീഷ് ട്രാൻസ്‌ക്രിപ്റ്റും നാഷണൽ അക്കാഡമിക് റെക്കഗ്നിഷൻ സെന്റർ അഥവാ NARC ൽ രജിസ്റ്റർ ചെയ്ത ഈ യോഗ്യത ബ്രിട്ടീഷ് ബാച്‌ലർ ഡിഗ്രിക്ക് തുല്യമാണെന്ന് തെളിയിച്ചാൽ UKVI ഐലെട്സ് പരീക്ഷകളിൽ നിന്നും ഒഴിവാകാം. സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇതുവരെ NHS വിദേശ റിക്രൂട്മെന്റ് തുടങ്ങിയിട്ടില്ല.

കെയർ ഹോമുകളിലാണ് റിക്രൂട്മെന്റിന് സാദ്ധ്യതകൾ ഏറെ. വാക്കൻസികൾ പരസ്യപ്പെടുത്തുന്ന മുറക്ക് ഇതിലേക്കായി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാം. നഴ്സിംഗ് ഹോമുകളിലും നിലവിൽ ജോലി ചെയ്യുന്നവരുടെ സഹായം തേടി വാക്കൻസികൾ കണ്ടെത്തിയും അപേക്ഷിക്കാം.

ബ്രിട്ടണിലെ പല പ്രമുഖ ജോബ് പോർട്ടലുകളും കേരളത്തിലെ ചില ഏജൻസികളും ഇതിനോടകം റിക്രൂട്മെന്റിനായുള്ള പരസ്യങ്ങൾ നൽകി തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ അപേക്ഷിക്കുന്നവർ അഡ്വാൻസായി വൻ തുക നൽകുന്നതിന് മുൻപ് എംപ്ലോയർക്ക് സ്‌പോൺസർഷിപ് ലൈസെൻസുള്ളവരാണെന്ന് അന്വേഷിച്ചു ഉറപ്പു വരുത്തണം.

സീനിയർ കെയറർ നഴ്സിംഗ് അസിസ്റ്റന്റ് വിസക്ക് NHS സർചാർജില്ല. വിസ ഫീസായി ഒരാൾക്ക് 238 പൗണ്ടാണ് നിലവിൽ ചിലവ് വരിക. നിലവിലെ എക്സ്ചേഞ്ച് നിരക്കനുസരിച് ഇത് ഏകദേശം 24000 രൂപ വരും. സ്മാൾ ക്യാറ്റഗറിയിൽ വരുന്ന സിംഗിൾ നഴ്സിംഗ് ഹോമുകൾക്ക് ഒരാളെ റിക്രൂട് ചെയ്യാൻ സർട്ടിഫിക്കറ്റ് ഓഫ് സ്പോണ്സർഷിപ്പായി സർക്കാരിന് നൽകേണ്ടത് 1400 പൗണ്ടാണ്. വലിയ ഗ്രൂപ്പുകൾ നൽകേണ്ടത് 3200 പൗണ്ടും. ഇതിനു പുറമെ ഏജൻസിയുടെ ഫീസ് കൂടി കൂട്ടിയാലും ആകെ ചിലവ് 5 ലക്ഷത്തിൽ താഴയേ വരൂ.

ഇവിടെയാണ് 15 മുതൽ 20 ലക്ഷം വരെയുള്ള വൻ തുക ആവശ്യപ്പെട്ട് ഏജന്റുമാർ രംഗത്തെത്തുന്നത്. ഇതിൽ തന്നെ ഏജൻസിയുടെ കൊള്ള വ്യക്തമാകും. ബ്രിട്ടനിൽ റിക്രൂട്മെന്റ് നിയമം അനുസരിച്ചു സ്‌പോൺസർഷിപ് സെർട്ടിഫിക്കറ്റിനുള്ള പണം എംപ്ലോയർ ആണ് എപ്പോഴും നൽകേണ്ടത്. ഇത് ഒരു കാരണവശാലും ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങാൻ പാടില്ല.

എന്നാൽ നഴ്സിംഗ് ഹോമിന് ഈ തുക നൽകേണ്ടതുണ്ട് എന്നാവശ്യപ്പെട്ടാണ് പലപ്പോഴും ഏജന്റുമാർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. കെയറർ വിസയിൽ എത്തുന്നവരുടെ ഭാര്യക്കോ ഭർത്താവിനോ മുഴുവൻ സമയം ജോലി ചെയ്യാം എന്നുള്ളത് വസ്തുതയാണ്. എന്നാൽ കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തിൽ ബ്രിട്ടനിൽ പുതുതായി എത്തുന്നവർക്ക് ജോലി ലഭ്യത അത്ര എളുപ്പമുള്ള കാര്യമല്ല എന്നതുകൂടി പരിഗണിക്കുന്നത് നന്നായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here