gnn24x7

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടണിലേക്ക് ഇനി പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസയും

0
418
gnn24x7


ലണ്ടൻ: ബ്രിട്ടണിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കും. 500 പൌണ്ട് അധികം നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ വിസ അപേക്ഷയിൽ തീരുമാനം അറിയുന്ന സംവിധാനമാണ് പ്രയോരിറ്റി വിസ.

800 പൌണ്ട് അധികം നൽകിയുള്ള സൂപ്പർ പ്രയോരിറ്റി വിസയിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം തീരുമാനം അറിയാം. ഇന്ത്യയിൽനിന്നും സ്റ്റുഡന്റ് വിസയ്ക്കുള്ള അപേക്ഷകൾ ക്രമാതീതമായി വർധിക്കുകയും അപേക്ഷകളിന്മേലുള്ള കാത്തിരുപ്പു സമയം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നതിന് മുൻഗണന ലഭിക്കുന്ന പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അറിയിച്ചു.

പ്രയോരിറ്റി വിസകൾക്ക് അപേക്ഷിക്കുമ്പോൾ നിലവിലെ അപേക്ഷാഫീസിനൊപ്പം 500 പൌണ്ട് (ഏകദേശം 45,000 രൂപ) അധികമായി നൽകണം. ഇതുനൽകിയാൽ വിസ അപേക്ഷയിന്മേൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. സൂപ്പർ പ്രയോരിറ്റി വിസയ്ക്ക് അധികമായി നൽകേണ്ടത് 800 പൌണ്ടാണ്. ഏകദേശം 75,000 രൂപ ഇങ്ങനെ അധിക ഫീസ് നൽകി അപേക്ഷിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അറിയാം. സാധാരണ 15 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ് വിസകൾ പ്രോസസ് ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് ഹോം ഓഫിസ് വെബ്സൈറ്റിൽ പറയുന്നതെങ്കിലും മുപ്പതു ദിവസം കഴിഞ്ഞും തീരുമാനം അറിയാൻ പലരും കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യൻ വിദ്യർഥികളുടെ അപേക്ഷാ ബാഹുല്യം തന്നെയാണ് ഇതിനു പ്രധാന കാരണം. ഇത്തരത്തിൽ ആവശ്യക്കാർ അധികമായ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കും പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നതെന്ന് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് വ്യക്തമാക്കി. ഇന്ത്യയിൽനിന്നാണ് ഇപ്പോൾ ഏറ്റവുമധികം വിദേശ വിദ്യാർഥികൾ ബ്രിട്ടണിൽ പഠനത്തിന് എത്തുന്നത്. ദിവസേനയെന്നോണം സ്വന്തം റെക്കോർഡ് തിരുത്തുന്ന വിധമാണ് ഇന്ത്യയിൽനിന്നുള്ള അപേക്ഷകരുടെ എണ്ണം. അടുത്ത അധ്യയനവർഷം പഠനത്തിനായി ബ്രിട്ടണിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ വ്യക്തമായ രേഖകൾ സഹിതം എത്രയും വേഗം തന്നെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രമിക്കണമെന്ന് ഹൈക്കമ്മിഷണർ കഴിഞ്ഞദിവസം പുറത്തവിട്ട വിഡിയോ സന്ദേശത്തിൽ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here