gnn24x7

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ഒരുങ്ങി അയർലണ്ടിലെ ഇന്ത്യൻ സമൂഹം

0
76
gnn24x7

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ ഇന്ത്യൻ സമൂഹം ഒത്തുചേരുന്നു. കോർക്കിലെ പ്രമുഖ പ്രവാസി സംഘടനയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ‘Humanity Beyond Boundaries’ (അതിരുകളില്ലാത്ത മാനവികത) എന്ന ചടങ്ങിൽ കോർക്ക് കൗണ്ടി മേയറും ഇന്ത്യൻ അംബാസഡറും അടക്കം പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തത്തിന്റെ രക്ഷാദൗത്യത്തിൽ കോർക്ക് റീജിയണൽ ഹോസ്പിറ്റൽ വഹിച്ച പങ്ക് നിർണായകമായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടത്തിയതും മരിച്ചവരുടെ ബന്ധുക്കൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ആശുപത്രിയുടെയും ജീവനക്കാരുടേയും സേവനം വിലമതിക്കാനാവത്തതാണ്. ദുരന്തത്തിനിരയായവർക്കും അവരുടെ ബന്ധുക്കൾക്കും ചെയ്ത അനുകമ്പയാർന്ന പരിചരണവും സേവനവും മാനിച്ചാണ് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ (അന്നത്തെ കോർക്ക് റീജിയണൽ ആശുപത്രി) ആദരിക്കുന്നത്. 2026 ജൂൺ 23 നു ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കോർക്ക് യുണിവേഴ്സിറ്റി ആശുപത്രിയിലെ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് കോർക്കിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് ടോജി ചെറിയാൻ വർഗ്ഗീസ് അറിയിച്ചു.

1985 ജൂൺ 23നാണ് കാനഡയിലെ നിന്നും മോണ്ട്രിയലിൽ നിന്നും ന്യൂഡൽഹിക്ക് പോകുകയായിരുന്ന എയർ ഇന്ത്യ 182 കനിഷ്ക വിമാനം ആകാശമധ്യേ ബോംബ് പൊട്ടി തകർന്നു വീണത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ അയർലണ്ടിലെ കോർക്കിന്റെ തീരത്ത് നിന്നും 190 കിമീ അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു. ദുരന്തത്തിൽ ജോലിക്കാരും യാത്രക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരണമടഞ്ഞു. ഐറിഷ് നേവൽ സർവീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ റോയൽ എയർഫോഴ്സും, റോയൽ നേവൽ ഹെലികോപ്റ്ററുകളും, വാണിജ്യ കപ്പലുകളും മത്സ്യബന്ധന ട്രോളറുകളും പങ്കെടുത്തു. വിമാനദുരന്തത്തിൽ മരണമടഞ്ഞ 329 പേരിൽ 132 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാനായത്.

മരണമടഞ്ഞവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ വംശജർ ആയിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ മറന്നു സ്തുത്യർഹമായ സേവനം ചെയ്ത ആശുപത്രിയെ ആദരിക്കേണ്ടത് കോർക്കിലെ ഇന്ത്യൻ സമൂഹത്തിന്റെ കടമയാണെന്നു അസ്സോസിയേഷൻ സെക്രട്ടറി ബിനു തോമസ് പറഞ്ഞു. ദുരന്തസമയത്ത് ജോലിയിൽ ഉണ്ടായിരുന്ന നേഴ്സുമാർ, പോർട്ടർമാർ, കെയർടേക്കർ അടക്കം നിരവധിപേർ തങ്ങളുടെ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കാൻ എത്തുമെന്നു അറിയിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ ചുമതലയുള്ള ആശുപത്രി സ്റ്റാഫ് കൂടിയായ മഞ്ജു സഞ്ജിത്തും അറിയിച്ചു.

ദുരന്തത്തിൽ മരണമടഞ്ഞ അന്നമ്മ അലക്സാണ്ടർ(53), റീന അലക്സാണ്ടർ(10) എന്നിവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ അവകാശികൾ ആരും എത്താതിരുന്നതിനാൽ കോർക്കിൽ തന്നെ സംസ്കരിച്ചിരുന്നു. അവരുടെ കല്ലറകൾ ഇന്നും പരിപാലിച്ചുപോരുന്നത് കെയർടേക്കർ ആയ ഫിൻബാർ ആർച്ചർ ആണ്.

ഇവരുടെ കൂടെയുണ്ടായിരുന്ന സൈമൺ അലക്സാണ്ടർ(54), സൈമൺ ജൂനിയർ അലക്സാണ്ടർ(9) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുമായില്ല. ഇതുമാത്രമാണ് ലഭ്യമായ വിവരങ്ങൾ.

ഇവരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നൽകാൻ കേരളത്തിലെ മാധ്യമങ്ങൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ സാധിക്കുമെങ്കിൽ ദയവായി ബന്ധപ്പെടണമെന്ന് കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷൻ അഭ്യർത്ഥിച്ചു.

ഫോൺ: +353 87 482 7897. ഇമെയിൽ: CorkPravasi2010@gmail.com

gnn24x7