gnn24x7

ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ്‌ 50:50 റൂൾ ഭേദഗതി വരുത്താൻ സർക്കാർ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണ്ണാവസരം

0
197
gnn24x7

അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ്‌ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. എംപ്ലോയ്മെന്റ് പെർമിറ്റ്‌ നിയമം 2024-ലെ “50:50 റൂൾ” ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതായി മന്ത്രി പീറ്റർ ബർക്ക് പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കും ഹെൽത്ത് കെയർ ജീവനക്കാർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വഴിയൊരുങ്ങുന്നതായി സൂചന.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നിലവിൽ അയർലൻഡിൽ ഏതെങ്കിലും സ്ഥാപനത്തിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ, ആ സ്ഥാപനത്തിലെ ജീവനക്കാരിൽ കുറഞ്ഞത് 50 ശതമാനം പേരെങ്കിലും അയർലൻഡ്, യൂറോപ്യൻ യൂണിയൻ, യുകെ അല്ലെങ്കിൽ സ്വിറ്റ്സർലൻഡ് പൗരന്മാരായിരിക്കണമെന്നതാണ് നിലവിലുള്ള “50:50 റൂൾ” വ്യവസ്ഥ. Employment Permit അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മാനദണ്ഡങ്ങളിലൊന്നാണിത്. എന്നാൽ ഹെൽത്ത് കെയർ മേഖലയിലെ കടുത്ത തൊഴിലാളി ക്ഷാമം മൂലം ഈ നിയമം പല സ്ഥാപനങ്ങൾക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് നഴ്‌സിംഗ് ഹോമുകൾ, ഹോം കെയർ സേവനങ്ങൾ, വയോജന പരിചരണ കേന്ദ്രങ്ങൾ, ചില ആശുപത്രികൾ എന്നിവിടങ്ങളിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ജീവനക്കാരെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് തൊഴിലുടമകൾ പറയുന്നത്.

ഇപ്പോൾ തന്നെ പല സ്ഥാപനങ്ങളും 50 ശതമാനം പരിധിയിലോ അതിന് തൊട്ടടുത്തോ എത്തി നിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള നിയമനങ്ങൾ ഗണ്യമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള സാധ്യതകൾ തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ 50:50 റൂളിൽ ഇളവ് അനുവദിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഴ്‌സിംഗ് ഹോം മേഖലയുടെ പ്രതിനിധി സംഘടനയായ Nursing Homes Ireland (NHI) സർക്കാരിനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും നിവേദനം സമർപ്പിച്ചിരുന്നു.

തുടർന്ന് തൊഴിൽ, സംരംഭകത്വം, വിനോദസഞ്ചാരം എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ നേതൃത്വത്തിൽ വിഷയം പരിശോധിക്കുകയും ആരോഗ്യ-സാമൂഹിക പരിചരണ മേഖല നേരിടുന്ന പ്രത്യേക സാഹചര്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 50:50 റൂളിൽ ഭേദഗതി വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിയമഭേദഗതി എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും, നിലവിലെ പാർലമെന്റ് സമ്മേളനത്തിലോ അല്ലെങ്കിൽ ഈ വർഷത്തിനുള്ളിലോ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ ശക്തമാണെന്നും Nursing Homes Ireland അറിയിച്ചിട്ടുണ്ട്.

ഭേദഗതി നടപ്പായാൽ ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അയർലൻഡിൽ തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. ആരോഗ്യപരിചരണ രംഗത്ത് വിദേശ തൊഴിലാളികളെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, ഈ നീക്കം അയർലണ്ടിലെ ആരോഗ്യ മേഖലയ്ക്കും വിദേശ തൊഴിലന്വേഷകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സർക്കാരിന്റെ ഈ നീക്കത്തെ നഴ്‌സിംഗ് ഹോംസ് അയർലണ്ട് (Nursing Homes Ireland) സ്വാഗതം ചെയ്തു. നിലവിലെ പാർലമെന്റ് സമ്മേളനം (Oireachtas Session) അവസാനിക്കുന്നതിന് മുമ്പും വേനൽക്കാല അവധിക്ക് മുൻപും ഭേദഗതി നിയമമായി പാസാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാരെ ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെ വിദേശത്തുനിന്ന് നിയമിക്കാൻ സമയമെടുക്കുന്നതിനാൽ രോഗികളുടെ പരിചരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ഈ നടപടി അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

32 തൊഴിൽ വിഭാഗങ്ങളിൽ മാറ്റങ്ങൾ

2025-ൽ ആരംഭിച്ച സമഗ്ര അവലോകനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തൊഴിൽാനുമതി പട്ടികകളിൽ ആകെ 32 മാറ്റങ്ങൾ പ്രഖ്യാപിച്ചു.

  • 6 പുതിയ തൊഴിലുകൾ Critical Skills Employment Permit പട്ടികയിൽ ഉൾപ്പെടുത്തി.
  • 9 തൊഴിലുകൾ General Employment Permit ലഭിക്കുന്നതിനായി അർഹത നേടി.
  • 2 തൊഴിലുകൾക്ക് പുതിയ ക്വോട്ടയുടെ അടിസ്ഥാനത്തിൽ General Employment Permit അനുവദിച്ചു.
  • നിലവിലുള്ള 15 തൊഴിൽ വിഭാഗങ്ങളുടെ ക്വോട്ട പുതുക്കി.

ക്രിട്ടിക്കൽ സ്കിൽസ് പട്ടികയിൽ പുതുതായി ഉൾപ്പെട്ട ചില തൊഴിൽ മേഖലകൾ:

  • അഗ്രോണോമിസ്റ്റ്
  • കൺസ്ട്രക്ഷൻ പ്ലാനർ/ഷെഡ്യൂളർ
  • കമ്മ്യൂണിറ്റി ഐ കെയർ സ്പെഷ്യലിസ്റ്റ്
  • ഇന്റലക്ച്വൽ പ്രോപ്പർട്ടി പ്രൊഫഷണൽ
  • ജിയോസ്പേഷ്യൽ സർവേയർ
  • ഗെയിംസ് ഇൻഡസ്ട്രിയിലെ റിഗേഴ്സ്

ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിന് അർഹത നേടിയ പുതിയ തൊഴിൽ മേഖലകൾ:

  • ഡെന്റൽ ഹൈജീനിസ്റ്റ്
  • ഫാർമസ്യൂട്ടിക്കൽ ടെക്നീഷ്യൻ
  • സ്റ്റീൽ ഫിക്സർ
  • പ്രിന്റർ
  • കോൺക്രീറ്റ് പമ്പ് ഓപ്പറേറ്റർ തുടങ്ങിയവ.

ആരോഗ്യരംഗത്തെ തൊഴിൽക്ഷാമം ഗുരുതരം

അയർലണ്ടിലെ പ്രായമായ ജനസംഖ്യ വേഗത്തിൽ വർധിച്ചുവരുന്നതിനാൽ നഴ്‌സിംഗ് ഹോമുകൾ, വൈകല്യ പരിചരണ കേന്ദ്രങ്ങൾ, ഹോം കെയർ സേവനങ്ങൾ എന്നിവിടങ്ങളിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാരുടെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ആഭ്യന്തര തൊഴിൽശക്തി ഈ ആവശ്യകത നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ വിദേശ തൊഴിലാളികളെ കൂടുതൽ നിയമിക്കാൻ സൗകര്യമൊരുക്കുന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

മന്ത്രി പീറ്റർ ബർക്കും തൊഴിൽകാര്യ സഹമന്ത്രിയായ അലൻ ഡില്ലണും ഈ പരിഷ്കാരങ്ങൾ നിർമ്മാണം, ആരോഗ്യസംരക്ഷണം, ഗതാഗതം, കാർഷിക-ഭക്ഷ്യ മേഖലകൾ എന്നിവിടങ്ങളിലെ തൊഴിലാളി ക്ഷാമം കുറയ്ക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കി. നഴ്‌സിംഗ് ഹോംസ് അയർലണ്ട് മന്ത്രിമാരുമായും എന്റർപ്രൈസ്, ടൂറിസം ആൻഡ് എംപ്ലോയ്മെന്റ് വകുപ്പുമായും സഹകരിച്ച് ഈ ഭേദഗതി വേഗത്തിൽ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7