അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന നെറ്റ്‌വർക്ക് ചാർജ് വർഷത്തിൽ €41.25 വർധിപ്പിക്കാൻ കമ്മീഷൻ ഫോർ ദ റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (CRU) അനുമതി നൽകി. ഇതോടെ ഒരു സാധാരണ കുടുംബം നെറ്റ്‌വർക്ക് ചാർജായി പ്രതിവർഷം ഏകദേശം €541 വരെ നൽകേണ്ടിവരും. നിലവിൽ ഈ തുക ഏകദേശം €500 ആണ്. പ്രതിമാസം ശരാശരി €3.44 അധിക ചെലവാണ് ഉപഭോക്താക്കൾക്ക് വരിക. ഇത് അടുത്തിടെ Electric Ireland ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ പ്രഖ്യാപിച്ച ഇരട്ട അക്ക വിലവർധനയ്ക്ക് പിന്നാലെയാണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Electric Ireland ഉപഭോക്താക്കളുടെ വാർഷിക വൈദ്യുതി ചെലവ് ഈ മാസം മുതൽ €300 വരെ ഉയർന്നിരുന്നു. യൂറോപ്പിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുള്ള രാജ്യങ്ങളിലൊന്നായ അയർലണ്ടിൽ പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസമായി Public Service Obligation (PSO) ലെവി 66 ശതമാനം കുറയ്ക്കാനും CRU തീരുമാനിച്ചു. ഒക്ടോബർ 1 മുതൽ നിലവിലെ €93 എന്ന വാർഷിക PSO ലെവി €6.21 ആയി കുറയും. പുതുക്കാവുന്ന ഊർജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായുള്ള നിർബന്ധിത ഈടാണ് PSO.

CRUയുടെ വിശദീകരണപ്രകാരം, ESB Networks, EirGrid എന്നിവ ആവശ്യപ്പെട്ടതിനെക്കാൾ €138 മില്യൺ കുറവാണ് നെറ്റ്‌വർക്ക് വരുമാനമായി അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അനാവശ്യ സാമ്പത്തിക ഭാരം വരാതിരിക്കാൻ ചെലവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് കമ്മീഷൻ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുതി ശൃംഖല വികസിപ്പിക്കുന്നതിന് €18 ബില്യൺ വരെ നിക്ഷേപം ആവശ്യമായതിനാലാണ് നെറ്റ്‌വർക്ക് ചാർജ് വർധന അനിവാര്യമെന്നാണ് CRUയുടെ നിലപാട്. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യവും ഹരിത ഊർജത്തിന്റെ വ്യാപക ഉപയോഗവും കണക്കിലെടുത്താണ് ഈ നിക്ഷേപങ്ങൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വിലതാരതമ്യ വെബ്സൈറ്റായ Bonkers.ieയിലെ വിദഗ്ധൻ ഡാരഗ് കാസിഡിയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലും നെറ്റ്‌വർക്ക് ചാർജിൽ വലിയ വർധന ഉണ്ടായിരുന്നുവെന്നും, വരും വർഷങ്ങളിലും ഇത്തരം വർധനകൾ തുടരുമെന്നുമാണ് സൂചന. കൂടാതെ, ആഗോള മൊത്തവില (wholesale) വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഈ വർഷാവസാനത്തോടെ വൈദ്യുതി നിരക്കിൽ വീണ്ടും വർധനയുണ്ടാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































