ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും. ആമസോൺ എംജിഎം സ്റ്റുഡിയോസാണ് നവംബർ 16ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഡാനിയൽ ക്രെയ്ഡിന് പകരക്കാരനായാണ് 40കാരനായ പാറ്റിൻസൺ 007ന്റെ വേഷത്തിലെത്തുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
‘ട്വൈലൈറ്റ്’ സിനിമകളിലൂടെ ആഗോള ശ്രദ്ധ നേടിയ പാറ്റിൻസൺ, ‘ദി ബാറ്റ്മാൻ’, ‘ടെനെറ്റ്’, ‘ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന് ജെയിംസ് ബോണ്ടിന്റെ വേഷം കരിയറിലെ വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ജെയിംസ് ബോണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് പാറ്റിൻസൺ പ്രതികരിച്ചു. ഇത്രയും പ്രശസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ഡെനിസ് വില്ലെന്യൂവിനും ആമസോൺ എംജിഎം സ്റ്റുഡിയോസിനും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഡ്യൂൺ’ സിനിമകളിലൂടെ ശ്രദ്ധേയനായ ഡെനിസ് വില്ലെന്യൂവാണ് പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധായകൻ. ‘പീക്കി ബ്ലൈൻഡേഴ്സ്’ സൃഷ്ടാവ് സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ആമി പാസ്കലും ഡേവിഡ് ഹെയ്മാനും നിർമാതാക്കളായും താന്യ ലാപോയിന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കും.
പാറ്റിൻസണെ പുതിയ ബോണ്ടായി സ്വാഗതം ചെയ്ത വില്ലെന്യൂവ്, കഥാപാത്രത്തിന് കാലാതീതമായൊരു വ്യക്തിത്വവും പുതുമയാർന്ന അവതരണവും നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കഥാപാത്രത്തിന്റെ പാരമ്പര്യത്തെ മാനിച്ചുകൊണ്ട് പുതിയൊരു അധ്യായം തുറക്കാനാണ് ലക്ഷ്യമെന്നും നിർമാണസംഘം വ്യക്തമാക്കി.
ഡാനിയൽ ക്രെയ്ഡിന്റെ അവസാന ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ 2021ലാണ് പുറത്തിറങ്ങിയത്. 2006ൽ ‘കാസിനോ റോയൽ’ എന്ന ചിത്രത്തിലൂടെ ബോണ്ടായി അരങ്ങേറ്റം കുറിച്ച ക്രെയ്ഡ് അഞ്ച് ചിത്രങ്ങളിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
സീൻ കോണറി, ജോർജ് ലാസൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഡ് എന്നിവർക്കുശേഷം ഔദ്യോഗിക ബോണ്ട് ചിത്രങ്ങളിൽ ഏജന്റ് 007 ആയി എത്തുന്ന ഏഴാമത്തെ നടനാണ് റോബർട്ട് പാറ്റിൻസൺ.
ബോണ്ട് പരമ്പരയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം 2027ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028ലാണ് ചിത്രം തിയേറ്ററുകളിലെത്താൻ സാധ്യത. എന്നാൽ കൃത്യമായ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ദീർഘകാലം ബോണ്ട് സിനിമകളുടെ നിയന്ത്രണം കൈവശം വച്ചിരുന്ന ബാർബറ ബ്രൊക്കോളിയും മൈക്കൽ ജി. വിൽസണും പിന്മാറിയശേഷം ആമസോൺ എംജിഎം സ്റ്റുഡിയോസിന്റെ സർഗാത്മക നിയന്ത്രണത്തിൽ ഒരുങ്ങുന്ന ആദ്യ ബോണ്ട് ചിത്രമായിരിക്കും ഇത്.































