gnn24x7

അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന

0
291
gnn24x7

ബീജിങ്: അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന. മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ ചൈന രംഗത്തെത്തിയിരിക്കുന്നത്.

ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലേക്ക് അമേരിക്ക അനാവശ്യമായി തലയിടുകയാണെന്നാണ് ചൈനയുടെ വാദം. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അമേരിക്കയുടെ തെറ്റായ നടപടിക്കെതിരെ മറുപടി ഉണ്ടാകുമെന്നും ചൈന പ്രതികരിച്ചു.

ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് അമേരിക്ക വ്യാഴാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയത്.

സിന്‍ജിയാങ് മേഖലയിലെ ഉയിഗര്‍ വിഭാഗത്തിനും മറ്റ് തുര്‍ക്കിക് മുസ്ലിങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നടത്തിയെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.

സിന്‍ജിയാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോശമായി പെരുമാറുന്ന യു.എസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചു.

ഈ ഉദ്യോഗസ്ഥര്‍ക്ക് വിസാ വിലക്ക് ഉള്‍പ്പെടെയുള്ള നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി ഭീഷണി വന്നിരിക്കുന്നത്.

gnn24x7