കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ വനമേഖലയിൽ പെൺകുട്ടിയെ അജ്ഞാതർ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. പ്രതികൾ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു. പ്രദേശത്തെ ദുര്‍മന്ത്രവാദിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ പറയുന്നു.
ദീപാവലി ദിവസമാണ് പെൺകുട്ടിയെ കാണാതായത്. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. പിന്നീട് പോലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിലാണ് കുട്ടിയെ വനമേഖലയിൽ പീഡിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ഉപദ്രവിച്ചത് പ്രദേശവാസികളായ അന്‍കുല്‍ കുറില്‍, ബീരാന്‍, എന്നിവരാണെന്ന് തിരിച്ചറിയുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രതികളിൽ നിന്ന് കിട്ടിയ വിവരത്തെ തുടർന്ന് പ്രദേശവാസിയായ ദുര്‍മന്ത്രവാദി പരശുറാം കുറിലിനെയും സംഭവത്തിനു കൂട്ടു നിന്ന അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തതിനാൽ മക്കളുണ്ടാകാനുള്ള പൂജയ്ക്ക് വേണ്ടിയാണ് പെൺകുട്ടിയുടെ ശ്വാസകോശം എടുത്തതെന്നാണ് പരശുറാം കുറിലി പറയുന്നത്.






































