gnn24x7

ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല; ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടു

0
658
gnn24x7

ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തിനിടയിലും യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് കരാര്‍ ഒപ്പുവച്ചത്. കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്നാണു യുഎസ് പറഞ്ഞത്.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ റഷ്യയില്‍നിന്ന് 2 മുതല്‍ 3% വരെ മാത്രമാണ് ഇറക്കുമതി. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയില്‍ നല്‍കാന്‍ തയാറായി. രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തോത് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.

gnn24x7