gnn24x7

വിദ്യാർത്ഥി, തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയ; കുടിയേറ്റം പകുതിയായി കുറയ്ക്കാൻ നീക്കം

0
363
gnn24x7

കുടിയേറ്റക്കാരെ കുറയ്ക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ സര്‍ക്കാര്‍. രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങളും കർശനമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ നടപടികളിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള മിനിമം ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനവും രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതൽ സൂക്ഷ്മപരിശോധനയും ഉൾപ്പെടുന്നു. ഏതെങ്കിലും തുടർ പഠനം അവരുടെ അക്കാദമിക് അഭിലാഷങ്ങളെയോ അവരുടെ കരിയറിനെയോ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവർ തെളിയിക്കണം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ ഏകദേശം 650,000 വിദേശ വിദ്യാർഥികളുണ്ട്, അവരിൽ പലരും രണ്ടാം വീസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

അടിസ്‌ഥാന സൗകര്യ പ്രശ്‌നങ്ങളും താമസ സൗകര്യത്തിനുള്ള ലഭ്യതയുമെല്ലാം സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികകളുടെ അഭാവം നിലനിൽക്കുന്നു. അവരെ ആകർഷിക്കാൻ വേണ്ടവിധം സാധിക്കുന്നില്ലെന്നതും രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ ഇന്ന് വ്യക്തമാക്കിയിരുന്നു.

2023 ജൂൺ വരെ ഒരു വർഷത്തിൽ 510,000 ആളുകൾ ഓസ്ട്രേലിയയിൽ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7