gnn24x7

പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം

0
382
gnn24x7

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാകും.

ഇതുവഴി, ബാങ്കുകളോട് തിരിച്ചടവിനുള്ള കാലാവധി കൂട്ടാനും കൂടുതല്‍ തുക വായ്പയായി അനുവദിക്കാനും മൊറട്ടോറിയം കാലാവധി കൂട്ടാനുമൊക്കെ ആവശ്യപ്പെടാനാകും.
ആര്‍ബിഐയുടെ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിരിക്കുന്നത് എംഎസ്എംഇ മേഖലയാണ്. പൊതുമേഖലാ ബാങ്കുകളിലെ 81.5 ശതമാനം എംഎസ്എംഇ യൂണിറ്റുകളും ഇത് പ്രയോജനപ്പെടുത്തിയിരുന്നു. തൊട്ടുപിന്നില്‍ 80 ശതമാനമായി വ്യക്തികളാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ 58 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിലും 42.5 ശതമാനം എംഎസ്എംഇ യൂണിറ്റുകളും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ വായ്പാ പുനഃക്രമീകരണ സൗകര്യം രാജ്യത്തെ ലക്ഷക്കണക്കിന് എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഉപകാരപ്രദമാകും എന്നാണ് കണക്കുകൂട്ടുന്നത്. 2020 മാര്‍ച്ച് ഒന്നു വരെ കൃത്യമായി തിരിച്ചടവ് നടത്തി വരികയും അതിനു ശേഷം മുടങ്ങുകയും ചെയ്തവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. അപ്പോള്‍ നിലവിലുള്ള വായ്പാ തുകയാണ് പുനഃക്രമീകരണത്തിന് പരിഗണിക്കുക.

ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഇതിനായി അപേക്ഷിക്കാനാവും. അപേക്ഷ നല്‍കി മൂന്നു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
തിരിച്ചടവ് ക്രമീകരിക്കുക, തിരിച്ചടക്കാനാവാതെ കുന്നുകൂടിയ പലിശ നികത്താനായി കൂടുതല്‍ വായ്പ അനുവദിക്കുക, മൊറട്ടോറിയം അനുവദിക്കുക, വായ്പയുടെ കാലാവധിയില്‍ മാറ്റം വരുത്തുക തുടങ്ങിയ സൗകര്യങ്ങളാണ് വായ്പാ പുനഃക്രമീകരണത്തിലൂടെ ലഭ്യമാകുക. അതിനുള്ള മറ്റു വ്യവസ്ഥകളും നിബന്ധനകളും ഓരോ വ്യക്തിയെയും സ്ഥാപനത്തെയും ആശ്രയിച്ചിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here