gnn24x7

ബാങ്കിൽ വമ്പൻ മോഷണം നടത്തി 11 വയസുകാരൻ; കവർന്നത് 20 ലക്ഷം രൂപ

0
183
gnn24x7

ജിന്ദ്: ബാങ്കിൽ വമ്പൻ മോഷണം നടത്തി 11 വയസുകാരൻ. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ദ് ശാഖയിലാണ് തിങ്കളാഴ്ച ഞെട്ടിക്കുന്ന ഈ മോഷണം നടന്നത്. ബാങ്ക് ശാഖയിലേക്ക് എത്തിയ കുട്ടി ജീവനക്കാർക്ക് യാതൊരു സംശയത്തിനും ഇട നൽകാതെ കെട്ടു കണക്കിന് പണവുമായി രക്ഷപ്പെടുകയായിരുന്നു.

ജിന്ദിലെ ജില്ലാ ഗ്രാമീണ വികസന ഏജൻസിയുടെ മുമ്പിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ചിലാണ് കുട്ടി എത്തിയത്. കാഷ്യർ കാബിനിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ പതിനൊന്നുകാരൻ നിയമവിരുദ്ധമായി ഉള്ളിലേക്ക് പ്രവേശിക്കുകയും പണം തന്റെ ബാഗിലാക്കി പുറത്തേക്ക് പോകുകയുമായിരുന്നു.

അന്നേദിവസം വൈകുന്നേരം അന്നേദിവസത്തെ ഇടപാട് കണക്കാക്കുന്നതിനിടയിലാണ് 20 ലക്ഷം രൂപയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു 11 വയസുകാരൻ പണവുമായി പുറത്തേക്ക് പോകുന്നത് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

അഞ്ചു ലക്ഷം രൂപയുടെ നാല് കെട്ടാണ് കുട്ടി മോഷ്ടിച്ചതെന്ന് ബാങ്ക് മാനേജർ വിശ്വജിത്ത് സിൻഹ പറഞ്ഞു. സംഭവം നടന്ന ദിവസം ബാങ്കിൽ വൻ ജനത്തിരക്ക് ആയിരുന്നെന്നും ശുചിമുറിയിലേക്ക് പോയ സമയത്ത് കാഷ്യർ കാബിൻ പൂട്ടാൻ മറന്നു പോയെന്നും മാനേജർ പറഞ്ഞു. ഈ സമയത്താണ് മോഷണം നടന്നത്.

അതേസമയം സിവിൽ ലൈൻസ് എസ് എച്ച് ഒ ആയ ഹരി ഓം കാഷ്യറെ കുറ്റപ്പെടുത്തി. പുറത്തേക്ക് പോയ സമയത്ത് കാബിൻ പൂട്ടിയിട്ട് വേണമായിരുന്നു കാഷ്യർ പോകേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എസ് എച്ച് ഒയും സംഘവും സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം, മുഴുവൻ സംഭവങ്ങളും ബാങ്കിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് എസ് എച്ച് ഒ അറിയിച്ചു. വീഡിയോയിൽ പതിനൊന്നുവയസുള്ള ആൺകുട്ടി മറ്റൊരു പുരുഷനോടൊപ്പം ഒരു ബാഗുമായി പുറത്തേക്ക് പോകുന്നത് കാണാം. തിരിച്ചറിയാത്ത പ്രതികൾക്കെതിരെ 380 വകുപ്പ് ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ് എച്ച് ഒ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here