gnn24x7

കേരള പോലീസ് ആപ്പിന് പേര് നൽകി മകൻ പ്രശസ്തന്‍; പൊല്ലാപ്പിലായത് അമ്മ

0
257
gnn24x7

തിരുവനന്തപുരം: കേരള പോലീസ് ആപ്പിന് പേര് നൽകി മകൻ പ്രശസ്തന്‍ ആയെങ്കിൽ പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് അമ്മയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി നളിനിക്കാണ് മകൻ ഫേമസായതോടെ തിരക്ക് കൂടിയത്. കേരളാപോലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേര് നിർദ്ദേശിക്കാൻ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരുന്നു.

പൊലീസിന്‍റെ പൊലും ആപ്പിന്‍റെ ആപ്പും ചേര്‍‌ത്ത് ‘പൊല്ലാപ്പ്’ എന്ന പേര് നിർദേശിച്ചത് വാമനപുരം സ്വദേശിയായ ശ്രീകാന്ത് എന്ന യുവാവായിരുന്നു. ഈ പേര് കുറച്ച് മോഡേൺ ആക്കി POL APP എന്ന പേരിൽ കേരള പൊലീസ് സ്വീകരിക്കുകയും ചെയ്തു.

പൊല്ലാപ്പ് കമന്‍റിലൂടെ തന്നെ വാർത്തകളിൽ നിറഞ്ഞ ശ്രീകാന്ത് ഇതോടെ വീണ്ടും ഫേമസായി. ആളുകൾ ശ്രീകാന്തിനെ തിരക്കി വീട്ടിലെത്തി തുടങ്ങി. ഫോൺ വിളിച്ചുള്ള അന്വേഷണം വേറെയും. ഇതെല്ലാം കൊണ്ട് വലഞ്ഞിരിക്കുന്നത് അമ്മയായ നളിനിയാണ്. കാരണം ശ്രീകാന്ത് നാട്ടിലില്ല എന്ന കാര്യം പലർക്കും അറിയില്ല. യുവാവ് വീട്ടിലുണ്ടാകും എന്നു കരുതിയാണ് പലരും ആറാംതാനത്തുള്ള വീട്ടിലേക്കെത്തുന്നത്, പക്ഷെ ശ്രീകാന്ത് നിലവിൽ ദുബായിൽ ജോലി ചെയ്യുകയാണ്. ഇതറിയാതെയാണ് പലരും ഇയാളെ തിരക്കി വീട്ടിലെത്തുന്നതും.

ജീവിതത്തിലെ പുതിയ ട്വിസ്റ്റിൽ വളരെ സന്തോഷമുണ്ടെന്നാണ് ശ്രീകാന്ത് ന്യൂസ്18 മലയാളത്തോട് പ്രതികരിച്ചത്. വീട്ടിൽ വിളിക്കുമ്പോൾ ആളുകൾ തിരക്കി വരാറുണ്ടെന്നും ധാരാളം ഫോണ്‍ വിളികൾ എത്താറുണ്ടെന്നും പറയുന്നുണ്ട്… ഈ സമയത്ത് വീട്ടിലില്ലാത്തതിൽ വിഷമമുണ്ടെന്നും ശ്രീകാന്ത് പറയുന്നു..


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here