gnn24x7

ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി

0
226
gnn24x7

ദിസ്പുർ: ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി. അസമിലെ ഹോജൈ ജില്ലയിലാണ് സംഭവം. പ്രദേശവാസികൾ അവരുടെ ഫോണിൽ പകർത്തിയ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ഭൂമി തർക്കത്തെ തുടർന്നായിരുന്നു സംഭവം.

സലേഹ ബീഗം എന്ന അമ്പതുവയസുകാരിയെ ആണ് തീ കൊളുത്തിയത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ ജീവനോടെ ചുട്ടു കൊല്ലുമെന്ന് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതായി സലേഹ ബീഗം പ്രസ്താവനയിൽ പറഞ്ഞു.

“ഇത് ഞങ്ങളുടെ ഭൂമിയാണ്. അവരെന്നെ ജീവനോടെ ചുട്ടു കൊല്ലാൻ ശ്രമിച്ചു. എന്നാൽ, ചില പരിക്കുകളോടെ ഞാൻ രക്ഷപ്പെട്ടു” – സലേഹ ബീഗം പറഞ്ഞു.

മുറാഝാർ പൊലീസ് സ്റ്റേഷനു കീഴിലുള്ള ദക്ഷിൺ സമരാലി മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഭൂമാഫിയാ സംഘം നിയമവിരുദ്ധമായി ഇവിടെ ഭൂമി കൈയേറാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു സംഭവം. യുവതിയും കുടുംബാംഗങ്ങളും മാഫിയാസംഘത്തെ തടയാൻ സംഭവസ്ഥലത്തേക്ക് എത്തി. ഇതിനിടയിൽ ആയിരുന്നു യുവതിയെ തീ കൊളുത്തി കൊല്ലാൻ മാഫിയസംഘം ശ്രമിച്ചത്.

ഒരു സംഘം ആളുകൾ ട്രാക്ടർ കൊണ്ട് ഭൂമി ഉഴുതു മറിക്കാൻ ശ്രമിക്കുന്നതും യുവതിയും കുടുംബാംഗങ്ങളും അവരെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തീ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവവുമായി ബന്ധുപ്പെട്ട് മുറാഝാർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മുറാഝാർ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കബിർ ലിമ്പു പറഞ്ഞു. 2019ൽ ഭൂമി കൈയേറ്റത്തിന് റഹിമുദ്ദിൻ എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അയാൾ ഇപ്പോൾ ഒളിവിലാണെന്നും കബിർ ലിമ്പു പറഞ്ഞു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here