കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

0
57

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കുത്തേറ്റത്.

ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തില്‍ കുന്നിക്കോട് വിളക്കുടി ചക്കുപാറ പ്ലാങ്കീഴില്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), സഹോദരന്‍ വിനീത് (ശിവന്‍-25), കുന്നിക്കോട് സ്വദേശി രാഹുല്‍ (26) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതിന്‍ രാഹുലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഡ്രൈവര്‍മാരായ കൊട്ടാരക്കര ഫാത്തിമ മന്‍സിലില്‍ സിദ്ദിഖ് (36), സഹോദരന്‍ ഹാരിസ് എന്നിവരെ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വിഷ്ണുവും ശിവനും ഉള്‍പ്പെട്ട സംഘം സിദ്ദിഖിനെ ക്രൂരമായി മര്‍ദിച്ചു. സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇരുകൂട്ടരും സംഘംചേര്‍ന്ന് രാത്രിയില്‍ കൊട്ടാരക്കരയില്‍ ആശുപത്രിക്കു മുന്നില്‍ ഏറ്റുമുട്ടിയത്. മുപ്പതംഗസംഘം ആശുപത്രിവളപ്പിലെ നോ പാര്‍ക്കിങ് ബോര്‍ഡ്, കല്ല് തുടങ്ങി കൈയില്‍ കിട്ടിയതെല്ലാമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here