gnn24x7

ഗൂഢാലോചനക്കേസില്‍ പ്രതികൾക്ക് മുന്‍കൂര്‍ ജാമ്യം; പ്രോസിക്യൂഷന് തിരിച്ചടി

0
247
gnn24x7

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണമെന്ന് ഉപാധി. അന്വേഷണവുമായി സഹകരിക്കണമെന്നു പ്രതികള്‍ക്കു കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിധി വരുന്നതിനു തൊട്ടുമുമ്പ് ദിലീപിന്റെയും സഹോദരന്റെയും വീടുകള്‍ക്കു മുന്നിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിധി ദിലീപിന് അനുകൂലമായതോടെ മടങ്ങി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. ഇതിനിടെ, നടൻ അടക്കമുള്ളവർ ഉപയോഗിച്ച 7 ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഫോണുകൾ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുന്നിൽ ഹാജരാക്കാൻ തുടർന്നു കോടതി നിർദേശം നൽകി. തുടർന്ന് 6 ഫോണുകൾ ജനുവരി 31ന് മുദ്രവച്ച കവറിൽ കൈമാറി. ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് ഇവ കൈമാറാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണു കേസിനു പിന്നിലെന്നുമാണു ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here