gnn24x7

വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി; കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം

0
200
gnn24x7

അബുദാബി: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി. കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടും. അമുസ്ലിങ്ങള്‍ക്കും ശരിയത്ത് നിയമം പിന്തുടരാത്ത രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബുദാബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവുപ്രകാരമാണിത്. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍, സാമൂഹികാവസ്ഥ, ജോലിയുപേക്ഷിച്ചതുകാരണം നഷ്ടപ്പെട്ട സാമ്പത്തികാനുകൂല്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

ആദ്യമായാണ് ഇത്തരത്തിലൊരു വ്യവസ്ഥ വിവാഹമോചിതര്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന ജോലിയുപേക്ഷിക്കേണ്ടിവരുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയും ഉയരും. മുന്‍ഭര്‍ത്താവിന്റെ നിലവിലെ സാമ്പത്തികാവസ്ഥയും തൊഴില്‍ഭദ്രതയും വിവാഹബന്ധത്തില്‍ തുടര്‍ന്ന കാലയളവും തീരുമാനം കൈക്കൊള്ളുന്നതില്‍ നിര്‍ണായകമാണ്. ഒരുപാടുവര്‍ഷങ്ങളുടെ ദാമ്പത്യം വേര്‍പെടുത്തുന്നവര്‍ക്ക് നഷ്ടപരിഹാരത്തുകയും കൂടുതല്‍ നല്‍കേണ്ടിവരും. ഇതുവരെ ഭര്‍ത്താവിന്റെ ശമ്പളത്തിന്റെയോ, ആസ്തിയുടെയോ കോടതി നിശ്ചയിക്കുന്ന ഒരുപങ്കാണ് വിവാഹമോചനത്തില്‍ നഷ്ടപരിഹാരമായി ലഭ്യമാക്കിയിരുന്നത്.

വിവാഹമോചനം, കുട്ടികളുടെ സംയുക്തമായ സംരക്ഷണം, വിവാഹമോചനം കാരണമുണ്ടാകുന്ന സാമ്പത്തിക കാര്യങ്ങള്‍, മാതാപിതാക്കളുടെ പങ്ക്, ദത്തെടുക്കല്‍ തുടങ്ങിയ നിയമങ്ങളിലെ ആര്‍ട്ടിക്കിള്‍ 52-ലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സായിദ് അല്‍ അബ്രി പറഞ്ഞു.

ഏറ്റവും നൂതനമായ കാഴ്ചപ്പാടുകളുടെയും അന്താരാഷ്ട്ര രീതികളുടെയും അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരങ്ങള്‍. ഭര്‍ത്താവിന്റെ വേതനത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുക വിവാഹബന്ധത്തിലുണ്ടായിരുന്ന വര്‍ഷങ്ങള്‍കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന തുക ഒറ്റത്തവണയായി ലഭിക്കാനും നിയമം അനുവദിക്കുന്നു. അമുസ്ലിം കുടുംബകോടതിയില്‍ കക്ഷികളെ പ്രതിനിധാനംചെയ്ത് വിദേശ അഭിഭാഷകര്‍ക്ക് വാദം നടത്താന്‍ അനുവാദമുണ്ട്. ഇതുവരെ സ്വദേശി അഭിഭാഷകര്‍ക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. യു.എ.ഇ. സ്വദേശികള്‍ക്കുപുറമേ സൗദി അറേബ്യ, യെമെന്‍, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് വിവാഹകാര്യത്തില്‍ ശരിയത്ത് ബാധകമാകുന്നത്.

വിവാഹമോചനത്തിനും തര്‍ക്കപരിഹാരങ്ങള്‍ക്കും ശേഷം കുട്ടികളുടെ തുല്യമായ സംരക്ഷണാവകാശം മാതാപിതാക്കള്‍ക്ക് സ്വയമേവ നല്‍കും. ഇതോടൊപ്പംതന്നെ ഒരാള്‍ വില്‍പത്രമൊരുക്കാതെ മരിക്കുകയാണെങ്കില്‍ സ്വത്തിന്റെ പകുതി ഭാര്യക്കും ബാക്കി മക്കള്‍ക്കും പോകുമെന്നും അനന്തരാവകാശ നിയമം വ്യക്തമാക്കുന്നു. സുതാര്യമായ നിയമവ്യവസ്ഥകളിലൂടെ ആഗോളസമൂഹത്തിന് ജോലിചെയ്ത് ജീവിക്കാനുള്ള മികച്ചയിടമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here