gnn24x7

പാസ്പോർട്ടില്ല, ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടുമില്ല; അക്കൗണ്ടിലുള്ളത് വെറും 176 രൂപ മാത്രം, തട്ടിപ്പുപണം ഉപയോഗിച്ച് പളളിപ്പെരുനാൾ നടത്തിയെന്ന് മോൻസൻ മാവുങ്കൽ

0
473
gnn24x7

തിരുവനന്തപുരം: തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങിയെന്ന് അവകാശവാദം. പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്‍റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും തട്ടിപ്പുപണംകൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവ‍ർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാസ്പോർട്ടില്ലാതെയാണ് മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.

അതേസമയം, മോൺസണിൻ്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here