gnn24x7

പതിനെട്ടുകാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റില്‍

0
767
gnn24x7

ഹൈദരാബാദ്: പതിനെട്ടുകാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റില്‍. തെലങ്കാന ജോഗുലംബ സ്വദേശികളായ ഭാസ്കരയ്യ ഭാര്യ വീരമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ മൂന്നാമത്തെ മകളായ പതിനെട്ടുകാരിയെയായണ് ദാരുണമായി കൊലപ്പെടുത്തിയത്.

കുർനൂലിലെ സെന്‍റ് ജോസഫ് കോളജ് സെക്കൻഡ് ഇയർ ബിരുദ വിദ്യാർഥിയായ പെൺകുട്ടി കൊടുമൂർ സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇവർ പതിമൂന്ന് ആഴ്ച ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു. ഗർഭച്ഛിദ്രം നടത്താൻ മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലും വഴങ്ങാത്ത പെൺകുട്ടി, കാമുകനെ വിവാഹം ചെയ്യണമെന്ന വാശിയിൽ ഉറച്ചു നിന്നുവെന്നും പൊലീസ് പറയുന്നു.

ഇതോടെയാണ് മകളെ ഇല്ലാതാക്കാൻ മാതാപിതാക്കൾ തുനിഞ്ഞത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അടുത്ത ദിവസം ഒന്നുമറിയാത്തത് പോലെ മകൾ മരണപ്പെട്ടു എന്ന് ഇവർ അയൽക്കാരെയും ബന്ധുക്കളെയും അറിയിച്ചു. സ്വാഭാവിക മരണം എന്നായിരുന്നു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഗ്രാമവാസികളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചതോടെയാണ് മാതാപിതാക്കൾ പ്രതിസ്ഥാനത്തെത്തുന്നത്.

വിവാഹത്തിന് മുമ്പ് മകൾ ഗർഭിണിയായെന്ന് പുറത്തറിഞ്ഞാലുള്ള നാണക്കേട് കൊണ്ടാണ് മാതാപിതാക്കൾ ഇത്തരമൊരു കൃത്യത്തിനൊരുങ്ങിയതെന്നാണ് സംശയിക്കുന്നത്.

gnn24x7