അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി

0
5416

ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി. 

ജസ്റ്റിസ് അശോക്‌ ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. കൂടാതെ, ലോക്ക്ഡൌണ്‍ വിലക്കുകള്‍ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ കേസുകള്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രക്ക് ആവശ്യമായ നടപടികള്‍ അടിയന്തരമായി ഒരുക്കണമെന്നും അവര്‍ക്കായി രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കോടതി പറഞ്ഞു.

കൂടാതെ, സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണമെന്നും കോടതിയുടെ നിര്‍ദേശം. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ സുപ്രീം കോടതി സ്വമേധയ ഹര്‍ജി എടുത്തു. ജൂലൈ 8നാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുക.

തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയാറാക്കിയ എല്ലാ പദ്ധതികളും അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here