gnn24x7

ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു

0
328
gnn24x7

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക.

മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശപ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here